Begin typing your search...

ഗൗതം അദാനിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്; 'മൊദാനി' അഴിമതികളിൽ ജെപിസി അന്വേഷണം വേണമെന്ന് ആവശ്യം

ഗൗതം അദാനിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്; മൊദാനി അഴിമതികളിൽ ജെപിസി അന്വേഷണം വേണമെന്ന് ആവശ്യം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തട്ടിപ്പിനും കൈക്കൂലിക്കും യുഎസിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് അദാനിക്കെതിരായ കേസെന്നാണ് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിലൂടെ പ്രതികരിച്ചത്. സംയുക്ത പാർലമെന്‍ററി സമിതിയുടെ (ജെപിസി) അന്വേഷണം വേണമെന്നും അദ്ദേഹം ആവർത്തിച്ചു.

'ഗൗതം അദാനിക്കും മറ്റുള്ളവർക്കുമെതിരെ യുഎസിലെ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമീഷൻ (എസ്ഇസി) കുറ്റപത്രം സമർപ്പിച്ചത്, വിവിധ 'മൊദാനി' അഴിമതികളെക്കുറിച്ച് സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) അന്വേഷണത്തിനായി 2023 ജനുവരി മുതൽ കോൺഗ്രസ് ഉന്നയിക്കുന്ന ആവശ്യത്തെ ശരിവെക്കുന്നു. കോൺഗ്രസിന്റെ 'ഹം അദാനി കെ ഹേ' (എച്ച്എഎച്ച്കെ) പരമ്പരയിൽ ഈ അഴിമതികളുടെ വിവിധ മാനങ്ങളും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വ്യവസായിയും തമ്മിലുള്ള അവിഹിതബന്ധത്തെ കുറിച്ചും 100 ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ല.

അദാനി ഗ്രൂപ്പിന്റെ നിയമ ലംഘനങ്ങളെ കുറിച്ചും നിക്ഷേപം, ഷെൽ കമ്പനികൾ എന്നിവയുടെ ഉറവിടം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതും സെബി അന്വേഷണം നടത്തിയ രീതിയിലും എസ്ഇസിയുടെ നടപടികൾ വെളിച്ചം വീശുന്നുണ്ട്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന മേഖലകളിൽ കുത്തകവത്കരണം വർധിപ്പിക്കുന്നതിനും പണപ്പെരുപ്പം വർധിപ്പിക്കുന്നതിനും വിദേശനയ വെല്ലുവിളികൾ ഉയർത്തുന്നതിനും ഇടയാക്കുന്ന അദാനി ഗ്രൂപ്പിന്റെ ഇടപാടുകളിൽ ജെപിസി രൂപീകരിക്കണമെന്ന ആവശ്യം കോൺഗ്രസ് ആവർത്തിക്കുന്നു' -ജയറാം രമേശ് വ്യക്തമാക്കി.

രണ്ട് ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ വിതരണ കരാറുകള്‍ നേടുന്നതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കിയെന്നതാണ് അദാനിക്കെതിരായ കുറ്റം. കോഴ നൽകിയ വിവരം യുഎസ് നിക്ഷേപകരിൽ നിന്ന് മറച്ചുവെച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഗൗതം അദാനി, ബന്ധു സാഗർ അദാനി ഉൾപ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികൾ. ന്യൂയോർക്കിൽ യുഎസ് അറ്റോർണി ഓഫീസാണ് കുറ്റപത്രം സമർപ്പിച്ചത്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. യുഎസ് സെക്യൂരിറ്റിസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷനും അദാനി ഗ്രീൻ എനർജിക്കുമെതിരെ അഴിമതി കുറ്റം ചുമത്തി സിവിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്.

WEB DESK
Next Story
Share it