കർണാടക തിരഞ്ഞെടുപ്പ്; 124 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 124 സീറ്റുകളിലേക്കുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം തന്നെ ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സുരക്ഷിത മണ്ഡലം തിരഞ്ഞെടുത്ത മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ, ഇത്തവണ മൈസൂരുവിലെ വരുണയിൽനിന്ന് ജനവിധി തേടും. കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ കനക്പുരയിൽ മത്സരിക്കും. മുതിർന്ന് നേതാവ് ജി.പരമേശ്വര കൊരട്ടിഗെരെയിൽ തുടരും. ആകെ 224 സീറ്റാണു സംസ്ഥാനത്തുള്ളത്.
കോൺഗ്രസ് സ്ഥാനാർഥി പട്ടിക രണ്ടു ദിവസം മുൻപ് പുറത്തിറങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയെ ശിക്ഷിച്ചതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ഥാനാർഥി പട്ടിക പുറത്തിറക്കുന്നത് മാറ്റിവച്ചത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി 130 സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ചിരുന്നു. ഇതിൽ 124 സ്ഥാനാർഥികളുടെ പേരുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന സ്ക്രീനിങ് കമ്മിറ്റിയാണ് പട്ടികയ്ക്ക് അംഗീകാരം നൽകിയത്. മുൻ മന്ത്രിമാർ, സിറ്റിങ് എംഎൽഎമാർ എന്നിവരുടേതുൾപ്പെടെ തർക്കമില്ലാത്ത സീറ്റുകളാണിവ. പട്ടികയിൽ നാൽപതോളം പേർ 45 വയസ്സിൽ താഴെയുള്ളവരാണ്. മത്സരിക്കാൻ ഒന്നിലധികം പേർ രംഗത്തുള്ള ബാക്കി സീറ്റുകളുടെ കാര്യം ചർച്ച ചെയ്യാൻ സമിതി വീണ്ടും യോഗം ചേരും.