പിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച അരവിന്ദർ സിങ് ലൗലിയെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം; ചർച്ചയ്ക്ക് കെ.സി വേണുഗോപാലിനെ നിയമിച്ച് ഖാർഗെ
ഡൽഹി പിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച അരവിന്ദർ സിങ് ലൗലിയെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. അരവിന്ദറുമായി സംസാരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കെ സി വേണുഗോപാലിനെ ചുമതലപ്പെടുത്തി.
ആം ആദ്മി പാർട്ടിയുമായി സഖ്യം രൂപീകരിച്ചതിൽ പ്രതിഷേധിച്ചാണ് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി രാജിവെച്ചത്. ആം ആദ്മി പാർട്ടിയുമായി സഖ്യം രൂപീകരിക്കുന്നതിൽ ഡൽഹി കോൺഗ്രസ് ഘടകം എതിരായിരുന്നുവെന്ന് അരവിന്ദർ സിംഗ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അയച്ച രാജിക്കത്തിൽ വ്യക്തമാക്കിയിരുന്നു.
കോൺഗ്രസിനെതിരെ വ്യാജവും കെട്ടിച്ചമച്ചതുമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചാണ് എ.എ.പി രൂപീകരിച്ചത്. ഇവരുമായുള്ള സഖ്യത്തെ ഡൽഹി കോൺഗ്രസ് എതിർത്തു. എന്നിട്ടും സഖ്യമുണ്ടാക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നുവെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അരവിന്ദർ സിങ്ങിന്റെ രാജി കോൺഗ്രസ് ഹൈക്കമാൻഡ് സ്വീകരിച്ചതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ദീപക് ബാബരിയ അറിയിച്ചു. അരവിന്ദൻ സിംഗിന്റെ രാജിക്ക് ശേഷം ഞങ്ങൾക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം എന്നാൽ ഞങ്ങളുടെ പ്രവർത്തനങ്ങൾ മുടങ്ങുമെന്നോ ഞങ്ങളുടെ സ്ഥാനാർത്ഥികൾ തോറ്റേക്കുമെന്നോ അർത്ഥമില്ലെന്നും ബാബരിയ പ്രതികരിച്ചു.
ദീപക് ബാബരിയുമായുള്ള തർക്കമാണ് അരവിന്ദാറിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. സീറ്റ് നിഷേധിച്ചതിനാലല്ല കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിച്ചാണ് രാജിയെന്ന് അരവിന്ദൻ പ്രതികരിച്ചിരുന്നു.