ജഡ്ജി നിയമനം:സർക്കാരും സുപ്രീംകോടതിയും രണ്ട് ചേരിയില്‍
ജഡ്ജി നിയമന വിഷയത്തില്‍ സർക്കാരും സുപ്രീംകോടതിയും ഇരു ചേരിയിലായത് രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷം. ജുഡീഷ്യറിയെ പിടിച്ചെടുക്കാന്‍ സർക്കാർ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു. എന്നാല്‍ വിഷയം എങ്ങനെ മുന്നോട്ട് പോകുമെന്ന നിരീക്ഷിച്ച ശേഷം നടപടി കടുപ്പിക്കാമെന്നാണ് ചില പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്.ജഡ്ജി നിയമന വിഷയത്തില്‍ സുപ്രീംകോടതിയും സർക്കാരും തമ്മില്‍ വാക്പോര് തുടരുകയാണ്. ഭരണഘടന സ്ഥാപനങ്ങളെ വരുതിയിലാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന വിമർശനമുള്ളപ്രതിപക്ഷം ,അതിന് ഉദാഹരണമായാണ് കൊളീജിയം വിവാദം ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ ദിവസം കൊളീജിയം തർക്കത്തില്‍ പാർലമെന്‍റില്‍ ചർച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി അടിയന്തരപ്രമേയ നോട്ടീസും നല്‍കിയിരുന്നു. കൊളീജിയം നിയമനത്തിനെതിരെ കേന്ദ്രസർക്കാരും ഉപരാഷ്ട്രപതിയും വിമർശനം ഉന്നയിച്ചത് ദൗര്‍ഭാഗ്യകരമെന്നും മനീഷ് തിവാരിപറഞ്ഞു. കൊളീജിയം വിവാദം പാർലമെന്‍റില്‍ കാര്യമായി ഉയർത്തി സർക്കാരിനെ വിമർശിക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ക്ക് അഭിപ്രായം ഉണ്ട്. എന്നാല്‍ പാർലമെന്‍റ് സമ്മേളനം നടക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ വിഷയത്തില്‍ സമവായം ഉണ്ടായില്ല. മല്ലികാർജ്ജുന്‍ ഗർഗെ വിളിച്ച പ്രതിപക്ഷ യോഗത്തിലും ഇക്കാര്യം ചർച്ചയായില്ല.
വരും ദിവസങ്ങളില്‍ പാർലമെന്‍റിന് പുറത്ത് കൊളീജിയം വിഷയത്തില്‍ ശക്തമായ ചർച്ച ഉയർത്തിക്കൊണ്ടുവരാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. സർക്കാരും കോടതിയും തമ്മിലുള്ല തർക്കം എങ്ങനെ മൂർച്ഛിക്കുമെന്ന് നിരീക്ഷിച്ച ശേഷം മാത്രം ഇടപെടല്‍ മതിയെന്ന അഭിപ്രായവും നിലവിലുണ്ട്. ജഡ്ജി നിമന വിവാദം തുടരുന്നതിനിടെ കൊളീജിയം ചർച്ച പരസ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ച് ഹർജി എത്തിയിരുന്നെങ്കിലും സുപ്രീംകോടതി തള്ളിയിരുന്നു.