Begin typing your search...

സംഭലിലെ സംഘർഷം ; പ്രതിഷേധക്കാർക്കെതിരെ കടുത്ത നടപടികളുമായി ഉത്തർപ്രദേശ് സർക്കാർ

സംഭലിലെ സംഘർഷം ; പ്രതിഷേധക്കാർക്കെതിരെ കടുത്ത നടപടികളുമായി ഉത്തർപ്രദേശ് സർക്കാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉത്തർ പ്രദേശിലെ സംഭൽ ശാഹി ജുമാമസ്ജിദിലെ സർവേക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ കടുത്ത നടപടിയുമായി ഉത്തർ പ്രദേശ് സർക്കാർ. നഷ്ടപരിഹാരം ഈടാക്കുമെന്നും പൊതുസ്ഥലങ്ങളിൽ കല്ലേറ് നടത്തുന്നവരുടെ പോസ്റ്റർ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുമെന്നും അധികൃതർ ബുധനാഴ്ച അറിയിച്ചു.

‘സംഭൽ അക്രമത്തിൽ ഉൾപ്പെട്ടവർക്കെതിരെ കടുത്ത നടപടിയാണ് ഉത്തർ പ്രദേശ് സർക്കാർ സ്വീകരിക്കുന്നത്. കല്ലേറുകാരുടെയും അക്രമികളുടെയും പോസ്റ്ററുകൾ പരസ്യമായി പ്രദർശിപ്പിക്കും. നഷ്ടപരിഹാരം ഈടാക്കും. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചേക്കും’ -സർക്കാർ വക്താവ് അറിയിച്ചു.

2020ൽ സിഎഎ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ടും സർക്കാർ ഇത്തരത്തിൽ പോസ്റ്ററുകൾ പ്രദർശിപ്പിച്ചിരുന്നു. സംസ്ഥാന തലസ്ഥാന നഗരിയിലടക്കമാണ് പോസ്റ്ററുകൾ സ്ഥാപിച്ചത്. എന്നാൽ, കോടതി വിധിയെ തുടർന്ന് ഇത് നീക്കേണ്ടി വന്നു.

ഞായറാഴ്ചയാണ് സംഭലിലെ ​കോട് ഗർവി ഏരിയയിലെ ഷാഹി ജുമാമസ്ജിദ് പ്രദേശത്ത് സർവേക്കിടെ സംഘർഷമുണ്ടാകുന്നത്. സംഭവത്തിൽ നാലുപേർ മരിക്കുകയും പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സർവേക്കെതിരെ പ്രതിഷേധിച്ചവരിൽ അറസ്റ്റ് ചെയ്ത രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള 27 പേരെ ജയിലിലടച്ചു. വെടിവെപ്പ് ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ ആളുകളെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. 100ലധികം പേരെ തിരിച്ചറിഞ്ഞതായും അവരെ പിടികൂടാൻ പരിശോധന നടത്തുന്നുണ്ടെന്നും സംഭൽ എസ്പി കെ.കെ ബിഷ്‌ണോയ് പറഞ്ഞു.

അതേസമയം, ഒരു സമുദായത്തിൽപെട്ടവരെ മാത്രം പൊലീസ് തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്നുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവർ ഉൾപ്പടെയാണ് പിടിയിലായിട്ടുള്ളത്.

ഒരു ദിവസത്തേക്ക് കൂടെ താലൂക്കിൽ ഇന്റർനെറ്റ്‌ നിരോധിച്ചു. പ്രദേശത്ത് കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു. മജിസ്ട്രേറ്റ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ട് ഉടൻ സമർപ്പിക്കും.

വെടിവെപ്പ് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ലോക്സഭയിലും രാജ്യസഭയിലും നോട്ടീസ് നൽകി. സമൂഹത്തെ ഭിന്നിപ്പിക്കാൻ ഭരണകൂടം ഗൂഢാലോചന നടത്തുന്നുവെന്ന് സമാജ്‌വാദി പാർട്ടി എംപി രാജീവ് റായ് പറഞ്ഞു. അതേസമയം, സംഭവസ്ഥലത്തേക്ക് പുറപ്പെട്ട മുസ്‍ലിം ലീഗ് എംപിമാരെ ഉത്തർ പ്രദേശിൽ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. ബുധനാഴ്ച ഉച്ചക്കാണ് സംഭവം.

ജംഇയ്യതുൽ ഉലമായെ ഹിന്ദ് ജനറൽ സെക്രട്ടറി മൗലാന ഹഖിമുദ്ദീൻ ഖ്വാസ്മിയുടെ നേതൃത്വത്തിലുള്ള സംഘം ജുമാമസ്ജിദ് ഭാരവാഹികളുമായും ജില്ലാ കലക്ടർ, പൊലീസ് സൂപ്രണ്ട് എന്നിവരുമായും ചർച്ച നടത്തി. ഇരകളുടെ കുടുംബാംഗങ്ങൾക്ക് നിയമപരമായ എല്ലാ സഹായവും നൽകുമെന്ന് സംഘടന അറിയിച്ചു.

WEB DESK
Next Story
Share it