അവസാനമില്ലാതെ മണിപ്പൂരിലെ സംഘർഷം; സുരക്ഷാ സേനയും പ്രദേശവാസികളും ഏറ്റുമുട്ടി,17 പേർക്ക് പരുക്ക്
മണിപ്പുരിലെ ബിഷ്ണുപുർ ജില്ലയില്‍ സുരക്ഷാ സേനയും പ്രദേശവാസികളും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ 17 പേർക്ക് പരുക്കേറ്റു. ആക്രമണത്തെ തുടർന്ന് സുരക്ഷാ സേന കണ്ണീർവാതകം പ്രയോഗിച്ചു. സുരക്ഷാസേന സ്ഥാപിച്ച ബാരിക്കേഡുകൾ സ്ത്രീകളുൾപ്പെടെ മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്.
നേരത്തെ ചുരാചന്ദ്പുരിൽ കലാപത്തിൽ കൊല്ലപ്പെട്ട കുക്കി–സോമി വിഭാഗക്കാരുടെ സംസ്കാരം ഹൈക്കോടതി നിർദേശത്തെ തുടർന്ന് നിർത്തിവെച്ചിരുന്നു. ബിഷ്ണുപുരുമായി അതിരിടുന്ന ജില്ലയാണ് ചുരാചന്ദ്പുർ. സംസ്കാരം നടത്താനുദ്ദേശിച്ച സ്ഥലത്തേക്ക് പോകാൻ അനുവദിക്കണമെന്ന ആവശ്യവുമായാണ് പ്രദേശവാസികള്‍ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത്. നിരവധിപ്പേർ സംഘർഷത്തിൽ ചേർന്നതോടെയാണ് സുരക്ഷാസേന കണ്ണീര്‍ വാതകം പ്രയോഗിച്ചത്. സംഘർഷത്തിന് പിന്നാലെ ഇംഫാൽ ഈസ്റ്റിലും ഇംഫാൽ വെസ്റ്റിലും നിരോധനാജ്ഞയിൽ നൽകിയ ഇളവ് സർക്കാർ റദ്ദാക്കി.