ശൈത്യ തരംഗം തുടരും; ആറ് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്
ഉത്തരേന്ത്യയിൽ രണ്ടും ദിവസംകൂടി ശൈത്യ തരംഗം തുടരും. ശക്തമായ മൂടൽമഞ്ഞും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഡൽഹി, പഞ്ചാബ് , ഹരിയാന, ചണ്ഡീഗഡ്, രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് നാളെ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. രാജസ്ഥാനും ബിഹാറിനും ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രിയോടെ ശൈത്യ തരംഗം അവസാനിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊടും തണുപ്പ് തുടരുന്ന സാഹചര്യത്തിൽ ഡൽഹി, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ സ്‌കൂളുകൾ അടച്ചിടാൻ സർക്കാറുകൾ നിർദേശം നൽകി. ദൂരക്കാഴ്ച വല്ലാതെ കുറഞ്ഞതാണ് ജനജീവിതം വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നത്. ഡൽഹിയിലെ പാലം, പഞ്ചാബിലെ ചില ഭാഗങ്ങൾ യുപിയിൽ ആഗ്ര അടക്കം വിവിധ നഗരങ്ങൾ എന്നിവിടങ്ങളിലെല്ലാം ദൂരക്കാഴ്ചതന്നെ ബുദ്ധിമുട്ടിലാണ് എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.