മഹാരാഷ്ട്ര സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; അജിത്പവാറിന് ക്ലീൻചിറ്റ്: ക്രിമിനൽ കുറ്റം നിലനിൽക്കില്ലെന്ന് റിപ്പോര്‍ട്ട്
മഹാരാഷ്ട്ര സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് ക്ലീൻ ചിറ്റ് നൽകി അന്വേഷണ സംഘം. കേസിൽ തുടന്വേഷണം അവസാനിപ്പിച്ച് നൽകിയ റിപ്പോർട്ടിൽ അജിത് പവാറിനെതിരായ ക്രിമിനൽ കുറ്റം നിലനിൽക്കില്ലെന്നാണ് കണ്ടെത്തൽ. 25000 കോടി രൂപയുടെ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്കുകൾക്ക് നഷ്ടം നേരിട്ടില്ലെന്നും വായ്പയായി നൽകിയതിൽ 1343 കോടി തിരിച്ചുപിടിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ജനുവരിയിൽ കേസിൽ അന്വേഷണം അവസാനിപ്പിച്ച് മുംബൈ പോലീസിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്‍റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍, എൻസിപി ശരദ് പവാര്‍ വിഭാഗം എംഎൽഎ രോഹിത് പവാര്‍ എന്നിവര്‍ക്കെതിരെയും ക്രിമിനൽ കുറ്റം നിലനിൽക്കില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേരത്തെ മഹാ വികാസ് അഘാഡി സർക്കാർ അധികാരത്തിലിന്നപ്പോഴും അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയിരുന്നു.
മഹാരാഷ്ട്രയിലെ സഹകരണ ബാങ്കുകൾ മുഖേന പഞ്ചസാര സഹകരണ സംഘങ്ങൾക്കും, സ്പിന്നിംങ് മില്ലുകൾക്കും വായ്പ നൽകിയതിലെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അന്വേഷണം. അനധിതൃത മാർഗങ്ങളിലൂടെ വായ്പ നേടിയ കമ്പനികൾ പിന്നീട് കൈമാറ്റം നടത്തിയതിലും വ്യാപക സാമ്പത്തിക ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയിരുന്നു. ഇക്കാലയളവിൽ ബാങ്കിന്‍റെ ഡയറക്ടർമാരിൽ ഒരാളായിരുന്നു അജിത് പവാർ.