ആന്ധ്രാ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു അധികാരമേറ്റു
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി തെലുഗുദേശം പാർട്ടി(ടി.ഡി.പി) അധ്യക്ഷൻ ചന്ദ്രബാബു നായിഡു അധികാരമേറ്റു. ഗന്നാവരം കെസറാപ്പള്ളി ഐ.ടി. പാർക്കിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ എസ്. അബ്ദുൾ നസീർ സത്യവാചകം ചൊല്ലികൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, ജെ.പി. നഡ്ഡ, രാംദാസ് അത്താവലെ, അനുപ്രിയ പട്ടേൽ, ചിരാഗ് പാസ്വാൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
ഇത് നാലാംതവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാകുന്നത്. ജനസേന പാർട്ടി അധ്യക്ഷനും നടനുമായ പവൻ കല്യാൺ സംസ്ഥാന ഉപമുഖ്യമന്ത്രിയായും അധികാരമേറ്റു. ചന്ദ്രബാബു നായിഡുവിന്റെ മകൻ നര ലോകേഷ്, കിഞ്ചാരപ്പു അഛ്നായിഡു, നഡേദ്ല മനോഹർ, പൊൻഗുരു നാരായണ തുടങ്ങിയവരും കാബിനറ്റ് പദവിയുള്ള മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ 24 അംഗ മന്ത്രിസഭയാണ് ബുധനാഴ്ച അധികാരത്തിലേറുന്നത്. ടി.ഡി.പി. നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണി 175-ൽ 164 സീറ്റുകൾ നേടിയാണ് ഇത്തവണ അധികാരത്തിലെത്തിയത്.