Begin typing your search...

'മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ചരിത്രപരമായ കത്തുകൾ തിരികെ തരണം'; രാഹുൽ ഗാന്ധിയോട് കേന്ദ്രസർക്കാർ

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ചരിത്രപരമായ കത്തുകൾ തിരികെ  തരണം; രാഹുൽ ഗാന്ധിയോട് കേന്ദ്രസർക്കാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ചരിത്രപരമായ കത്തുകൾ തിരികെ നൽകാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ മ്യൂസിയം ആന്റ് ലൈബ്രറി (പിഎംഎംഎൽ). 2008ൽ അന്നത്തെ യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ അഭ്യർത്ഥന പ്രകാരം ഈ കത്തുകൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിൽ നിന്ന് നീക്കം ചെയ്തിരുന്നു. അതിനുശേഷം കത്തുകൾ സ്വകാര്യമായി സൂക്ഷിച്ചുവരികയായിരുന്നു.

1971ൽ ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ഫണ്ട് കത്തുകൾ പിഎംഎംഎല്ലിന് നൽകിയിരുന്നു. അന്ന് പിഎംഎംഎൽ നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറി (എൻഎംഎംഎൽ) എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതിനുശേഷമാണ് 2008ൽ കത്തുകൾ സ്വകാര്യമായി സൂക്ഷിക്കാൻ തുടങ്ങിയത്. 20ാം നൂറ്റാണ്ടിലെ പ്രമുഖ വ്യക്തികളായ ആൽബർട്ട് എയിൻസ്റ്റീൻ, ജയപ്രകാശ് നാരായൺ, എഡ്വിന മൗണ്ട്‌ബാറ്റൺ, പത്മജ നായിഡു, വിജയലക്ഷ്മി പണ്ഡിറ്റ്, അരുണ ആസഫ് അലി, ബാബു ജഗ്‌ജീവൻ റാം തുടങ്ങിയവർക്കയച്ച കത്തുകൾ അടങ്ങുന്ന 51 പെട്ടികളാണ് ഉള്ളത്.

'നെഹ്‌റു കുടുംബത്തിന് സ്വകാര്യമായ പ്രാധാന്യമുള്ള കത്തുകളാണ് ഇതെന്ന് ഞങ്ങൾ മനസിലാക്കുന്നു. എന്നാൽ ചരിത്രപരമായ ഈ കത്തുകൾ പൊതുജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്നത് ഗവേഷകർക്കും പഠിതാക്കൾക്കും ഏറെ ഗുണം ചെയ്യും. അതിനാൽ നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു'- എന്നാണ് പിഎംഎംഎൽ രാഹുൽ ഗാന്ധിക്കയച്ച കത്തിൽ വ്യക്തമാക്കുന്നത്.

നെ‌ഹ്‌റുവിന്റെ മുൻ വസതിയായ തീൻ മൂർത്തി ഭവനിലാണ് എൻഎംഎംഎൽ ആദ്യമായി സ്ഥാപിച്ചത്. നെഹ്‌റുവിന്റെ ജീവിതത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു മ്യൂസിയം പരിപാലിക്കുക, അദ്ദേഹത്തിന്റെയും മറ്റ് നേതാക്കളുടെയും സ്വകാര്യ പ്രബന്ധങ്ങൾ ശേഖരിച്ച് സംരക്ഷിക്കുക, ആർക്കൈവുകൾ, പ്രഭാഷണങ്ങൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയിലൂടെ ഗവേഷണം അനുവദിക്കുക എന്നിവയാണ് എൻഎംഎംഎൽ സ്ഥാപിച്ചതിന്റെ ലക്ഷ്യം. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് എൻഎംഎംഎല്ലിനെ പിഎംഎംഎൽ ആക്കി മാറ്റിയത്. എല്ലാ ഇന്ത്യൻ പ്രധാനമന്ത്രിമാരെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.

ഫെബ്രുവരിയിൽ നടന്ന പിഎംഎംഎല്ലിന്റെ വാർഷിക പൊതുയോഗത്തിൽ അവതരിപ്പിച്ച ഔദ്യോഗിക രേഖകൾ പ്രകാരം, 1971ൽ നെഹ്‌റുവിന്റെ സ്വകാര്യ കത്തുകളുടെ ഒരു ശേഖരം എൻഎംഎംഎല്ലിന് കൈമാറി. ഈ രേഖകൾ സ്ഥിരമായി സൂക്ഷിക്കാൻ നൽകിയതായിരുന്നില്ല. മറിച്ച്, നെഹ്‌റുവിന്റെ നിയമപരമായ അവകാശിയായ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരിൽ ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ഫണ്ട് കത്തുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി നൽകിയതായിരുന്നു. 1984ൽ ഇന്ദിരാഗാന്ധിയുടെ മരണശേഷവും സോണിയ ഗാന്ധി ഉൾപ്പെടെയുള്ള അനന്തരാവകാശികൾ ഈ രേഖകളുടെ ഉടമസ്ഥാവകാശം തുടരുകയായിരുന്നുവെന്ന് പിഎംഎംഎൽ അവകാശപ്പെടുന്നു.

WEB DESK
Next Story
Share it