നിപ വ്യാപനം; പ്രതിരോധിക്കാന്‍ അടിയന്തരനിര്‍ദേശങ്ങളുമായി കേന്ദ്രം: പ്രത്യേകസംഘത്തെ വിന്യസിക്കും
കേരളത്തില്‍ വീണ്ടും നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അടിയന്തരനടപടിയുമായി കേന്ദ്രസര്‍ക്കാര്‍. സജീവകേസുകളും സമ്പര്‍ക്കപ്പട്ടികയും കണ്ടെത്തുന്നതുള്‍പ്പെടെ നാല് അടിയന്തര പൊതുആരോഗ്യനടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനസര്‍ക്കാരിന് നിര്‍ദേശം നല്‍കി. കൂടാതെ, നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാരിന് സഹായവുമായി കേന്ദ്രസംഘത്തെ വിന്യസിക്കും. സാങ്കേതികം, വൈറസ് ബാധ കണ്ടെത്താനുള്ള പരിശോധന എന്നിവയ്ക്ക് ഈ സംഘം സഹായം നല്‍കും.
നിപ സ്ഥിരീകരിക്കുകയും തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയും ചെയ്ത മലപ്പുറം സ്വദേശിയായ പതിന്നാലുകാരന്റെ കുടുംബത്തിലും അയല്‍പക്കത്തും നിപബാധ കണ്ടെത്തിയ പ്രദേശത്തിന് സമാനഭൂപ്രകൃതിയുള്ള മേഖലകളിലും സജീവരോഗികളുണ്ടോ എന്ന കാര്യം ഉടനടി ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. രോഗബാധ സ്ഥിരീകരിച്ച കുട്ടിയുമായി നിപ സ്ഥിരീകരണത്തിന് പന്ത്രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വരെ സമ്പര്‍ക്കമുണ്ടായവരില്‍ രോഗലക്ഷണങ്ങളുണ്ടോ എന്ന കാര്യം പരിശോധിക്കാനും വൈറസ് വ്യാപനം പ്രതിരോധിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.
രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരെ ക്വാറന്റീന്‍ ചെയ്യാനും നിപ ലക്ഷണങ്ങള്‍ സംശയിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരേയും സമ്പര്‍ക്കം സംശയിക്കുന്നവരേയും സംബന്ധിച്ച വിവരങ്ങള്‍ അടിയന്തരമായി ശേഖരിക്കാനും രോഗബാധ വൈകാതെ കണ്ടെത്തുന്നതിനായി ഇവരുടെ സ്രവപരിശോധനയ്ക്കുള്ള സൗകര്യമൊരുക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വണ്‍ ഹെല്‍ത്ത് മിഷനില്‍ നിന്നുള്ള അംഗങ്ങളുള്‍പ്പെടുന്ന കേന്ദ്രസംഘത്തെയാണ് സംസ്ഥാനസര്‍ക്കാരിന്റെ സഹായത്തിനായി വിന്യസിക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യപ്രകാരം നിപ രോഗ പ്രതിരോധത്തിനുള്ള ആന്റിബോഡികള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അയച്ചതായും മന്ത്രാലയം വ്യക്തമാക്കി. സ്രവപരിശോധന ത്വരിതപ്പെടുത്താന്‍ ഒരു മൊബൈല്‍ ബയോസേഫ്റ്റി ലെവല്‍-3 (ബിഎസ്എല്‍-3) ലബോറട്ടറി കോഴിക്കോട് എത്തിച്ചേര്‍ന്നതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. നിപ സ്ഥിരീകരിച്ച കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായതിനാലാണ് ആന്റിബോഡി നല്‍കാനാകാത്തതെന്നും മന്ത്രാലയം അറിയിച്ചു.