ഇ കൊമേഴ്‌സ് സൈറ്റുകളിലെ വ്യാജ റിവ്യുകൾക്ക് നിയന്ത്രണം; മാർഗനിർദേശമിറക്കാൻ കേന്ദ്രം
രാജ്യത്തെ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലെ വിലയിരുത്തലുകളും അഭിപ്രായങ്ങളും നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. വെബ്‌സൈറ്റുകളിലെ വ്യാജ റിവ്യു ഉപഭോക്താക്കളെ വഴിതെറ്റിക്കുന്ന സാഹചര്യത്തിലാണ് നടപടി. കൃത്രിമ റിവ്യു നൽകുന്നവർക്ക് ശിക്ഷ ഏർപ്പെടുത്തുന്നതടക്കം സർക്കാർ പരിഗണിക്കുന്നുണ്ട്.
മുമ്പ് ഉപയോഗിച്ചവരിൽ നിന്ന് ഉൽപന്നങ്ങളെയോ സേവനങ്ങളയോ കുറിച്ചുള്ള അഭിപ്രായം മനസ്സിലാക്കാൻ ഉപഭോക്താക്കൾക്ക് അവസരം നൽകുന്നതാണ് ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലെ റിവ്യൂ സംവിധാനം. എന്നാൽ ഉപഭോക്താക്കളെ വഴിതെറ്റിക്കാൻ വലിയ രീതിയിൽ കൃത്രിമം നടക്കുന്ന സാഹചര്യത്തിലാണ് സർക്കാരിൻറെ ഇടപെടൽ. നവംബർ ഇരുപത്തിയഞ്ചോടെ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കിയേക്കും. പണം നൽകിയോ പരസ്യമായോ നൽകുന്ന റിവ്യൂകൾ യഥാർഥ റിവ്യുകളിൽ നിന്ന് വേർതിരിക്കാനുള്ള നിർദേശം ഇതിൽ ഉൾപ്പെടുത്തും.
വ്യാജ റിവ്യുകൾ കണ്ടെത്തിയാൽ കമ്പനികൾക്ക് അവ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യേണ്ടി വരും. ഒരിക്കൽ വ്യാജ റിവ്യും രേഖപ്പെടുത്തിയാൽ അവർക്ക് പിന്നീട് റിവ്യൂ രേഖപ്പെടുത്താൻ കഴിയാത്ത രീതിയൽ വിലക്കും നേരിടേണ്ടി വരും. റിവ്യൂ ഉള്ള എല്ലാ പ്ലാറ്റ്‌ഫോമുകൾക്കും സർക്കാർ മാർഗനിർദേശം ബാധകമാകും. കൃത്രിമ റിവ്യുകൾക്ക് ശിക്ഷ ഏർപ്പെടുത്തന്നതും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.