'മകനെ കുടുക്കി ഷാറൂഖിനോട് പണം വാങ്ങാൻ നീക്കം': സമീർ വാങ്കഡെയ്‌ക്കെതിരെ സിബിഐ എഫ്ഐആർ
ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽ കുടുക്കുന്നത് ഒഴിവാക്കാൻ 25 കോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം നേരിടുന്ന മുൻ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ മേധാവി സമീർ വാങ്കഡെയ്ക്കും മറ്റു 4 പേർക്കുമെതിരെ സിബിഐ സമർപ്പിച്ച എഫ്‌ഐആറിലെ വിവരങ്ങൾ പുറത്ത്. ആര്യൻ ഖാനെ ലഹരിക്കേസിൽ കുടുക്കി ഷാറൂഖ് ഖാനിൽനിന്ന് 25 കോടി നേടാൻ സമീർ വാങ്കഡെ ശ്രമിച്ചതായി എഫ്‌ഐആറിൽ പറയുന്നു.
ഇതിനായി കേസിലെ സാക്ഷി കെ.പി. ഗോസാവിക്കൊപ്പം സമീർ ഗൂഢാലോചന നടത്തി. ഷാറുഖ് ഖാനോട് ഗോസാവി 25 കോടി ആവശ്യപ്പെട്ടു. ചർച്ചയിൽ 18 കോടിക്ക് ധാരണയായെന്നും ആദ്യഗഡുവായി 50 ലക്ഷം വാങ്ങിയെന്നും എഫ്‌ഐആറിൽ പറയുന്നു. സമീർ വാങ്കഡയെ കൂടാതെ എൻസിബി മുൻ എസ്പി വിശ്വ വിജയ് സിങ്, എൻസിബിയുടെ ഇന്റലിജൻസ് ഓഫിസർ ആശിഷ് രഞ്ജൻ, കെ.പി.ഗോസാവി, ഇയാളുടെ സഹായി സാൻവിൽ ഡിസൂസ എന്നിവർക്കെതിരായ എഫ്‌ഐആർ വെള്ളിയാഴ്ചയാണ് സമർപ്പിച്ചത്.
മുംബൈ, ഡൽഹി, റാഞ്ചി, കാൻപുർ എന്നിവിടങ്ങളിലായി വാങ്കഡെയുമായി ബന്ധമുള്ള 29 ഇടങ്ങളിൽ സിബിഐ സംഘം പരിശോധന നടത്തിയിരുന്നു. കൈക്കൂലിയുടെ മുൻകൂർ തുകയായി 50 ലക്ഷം രൂപ വാങ്കഡെയും കൂട്ടാളികളും കൈപ്പറ്റിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 2021 ഒക്ടോബർ 2ന് ഗോവയിലേക്കുള്ള ആഡംബര കപ്പലിൽ വാങ്കഡെയും സംഘവും റെയ്ഡ് നടത്തിയപ്പോൾ ലഹരിയുമായി പിടിയിലായവർക്കൊപ്പം ആര്യൻ ഖാൻ ഉണ്ടായിരുന്നതു മുതലെടുത്താണ് ഷാറുഖിനോട് കൈക്കൂലി ആവശ്യപ്പെട്ടത്.
വാങ്കഡെയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് എൻസിബി ഉന്നതതല അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ആര്യനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു.