'മോദി' പരാമർശത്തിലെ കേസ് ; രാഹുൽ ഗാന്ധി സുപ്രിംകോടതിയിൽ
രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് ശിക്ഷാ വിധി സ്റ്റേ ചെയ്യാത്ത ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ അപ്പീൽ നൽകി. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ നടത്തിയ പ്രസംഗത്തെ ആധാരമാക്കിയാണ് കേസെടുത്തത്. എല്ലാ കള്ളൻമാരുടെയും പേരിനൊപ്പം മോദി എന്നുള്ളത് എന്ത് കൊണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസം. ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് രാഹുലിനെതിരെ കേസ് നൽകിയത്. മോദി സമുദായത്തെ അപമാനിച്ചെന്ന ഹർജിയിൽ സൂറത്തിലെ മജിസ്ട്രേറ്റ് കോടതി പരമാവധി ശിക്ഷയായ 2 വർഷം തടവ് വിധിച്ചതോടെയാണ് രാഹുൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായത്.
സൂറത്തിലെ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. തുടർന്നാണ് അപ്പീലുമായി രാഹുൽ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. വിധി വന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് നടപടി.