ഉദ്ധവ് രാജിവെച്ചു, ഇല്ലെങ്കിൽ പുനഃസ്ഥാപിച്ചേനെ; ഷിൻഡെ സർക്കാർ രൂപീകരണത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി
മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിൻഡെ സർക്കാർ രൂപീകരണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി. വിശ്വാസ വോട്ടെടുപ്പ് നേരിടാതെയാണ് ഉദ്ധവ് സർക്കാർ രാജിവച്ചത് എന്നതിനാലാണ് ഇത്. അതുകൊണ്ട് ഷിൻഡെ സർക്കാർ രൂപീകരണത്തെ ഗവർണർ പിന്തുണച്ചത് ന്യായീകരിക്കാമെന്നും കോടതി പറയുന്നു. ഉദ്ധവ് താക്കറെ സർക്കാർ രാജിവയ്ക്കുകയായിരുന്നുവെന്നും വിശ്വാസ വോട്ട് നേരിട്ടിരുന്നെങ്കിൽ പുനഃസ്ഥാപിക്കാൻ സാധിച്ചേനെയെന്നും കോടതി നിരീക്ഷിച്ചു.
എന്നാൽ വിശ്വാസ വോട്ടെടുപ്പിനുള്ള ഗവർണറുടെ തീരുമാനവും ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിനു വിപ്പ് അനുവദിച്ച സ്പീക്കറുടെ നടപടിയും തെറ്റാണെന്നും കോടതി നിരീക്ഷിച്ചു. ശിവസേനയിലെ പിളർപ്പിനെത്തുടർന്ന് മഹാരാഷ്ട്രയിലുണ്ടായ രാഷ്ട്രീയപ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിൻഡെ വിഭാഗങ്ങൾ നൽകിയ ഹർജികളിൽ ആണ് വിധി. ഹർജികളിൽ വാദം കേൾക്കുന്നതിനിടെയും ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ നടപടിയെ സുപ്രീം കോടതി വിമർശിച്ചിരുന്നു. ഗവർണറുടെ നടപടി ഭരണഘടനയ്ക്ക് അനുസൃതമായല്ല. ഗവർണർ കത്തിനെ മാത്രം ആശ്രയിച്ച് തീരുമാനം എടുക്കരുതായിരുന്നു. കത്തിൽ ഉദ്ധവ് താക്കറെയ്ക്ക് പിന്തുണ നഷ്ടമായെന്ന് വ്യക്തമാക്കുന്നില്ല.
ഷിൻഡെ വിഭാഗത്തിന്റെ വിപ്പിന് സ്പീക്കർ അംഗീകാരം നൽകിയത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധി പ്രസ്താവത്തിൽ പറയുന്നു. അതേസമയം, ഷിൻഡെ ഉൾപ്പെടെയുള്ളവരെ അയോഗ്യരാക്കുകയും ഗവർണറുടെ നടപടി ഭരണഘടനാപരമായി തെറ്റാണെന്നു വിധിക്കുകയും ചെയ്താൽ മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാർ രാജിവയ്ക്കുന്നതിനു മുൻപുള്ള തൽസ്ഥിതി പുനഃസ്ഥാപിക്കണമെന്ന ഉദ്ധവിന്റെ ആവശ്യം അംഗീകരിക്കാൻ സാധ്യമല്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്