ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുമായി കാനഡ
ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാനഡ സര്‍ക്കാര്‍. കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്‌മീരില്‍ പ്രവചനാതീതമായ സുരക്ഷാ സാഹചര്യം കാരണം ഇവിടേക്ക് യാത്രചെയ്യുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് കാനഡ സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
തീവ്രവാദ പ്രശ്‌നങ്ങള്‍, ആഭ്യന്തര കലാപം, തട്ടിക്കൊണ്ടുപോകല്‍ എന്നീ ഭീഷണികള്‍ ഈ ഭാഗത്തുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
ഖാലിസ്ഥാൻ ഭീകരൻ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന കാനഡയുടെ ആരോപണം തള്ളി ഇന്ത്യ. നിജ്ജാറിന്റെ മരണത്തിന് പിന്നില്‍ റോയുടെ ഏജന്റുമാര്‍ക്ക് പങ്കുള്ളതായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ആരോപണം അസംബന്ധമാണെന്നും ഇതിനുപിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
'ഇതേ ആരോപണം ജസ്റ്റിൻ ട്രൂഡോ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിലും ഉന്നയിച്ചിരുന്നു. അദ്ദേഹം അതെല്ലാം അപ്പോള്‍ തന്നെ തള്ളിക്കളഞ്ഞതാണ്.' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. കാനഡയില്‍ നടന്ന ഏതെങ്കിലും ആക്രമണത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം അസംബന്ധമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പ്രതികരിച്ചു.
നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയിരുന്നു. പിന്നാലെ കാനഡയുടെ പ്രതിനിധി അഞ്ച് ദിവസത്തിനകം ഇന്ത്യ വിടണം എന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യയും പുറത്താക്കിയിരുന്നു. ഇതിനിടെയാണ് പുതിയ നിര്‍ദ്ദേശം.