പൗരത്വ ഭേദഗതി നിയമം മതേതരത്വത്തിന് എതിര്; റദ്ദാക്കണമെന്ന് ഡിഎംകെ
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന നിയമം മതേതരത്വത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ്. നിയമത്തിൽ തമിഴ് അഭയാർഥികളെ കൊണ്ട് വരാത്തത് കൊണ്ടുതന്നെ നിയമം തമിഴർക്ക് എതിരാണെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ഡിഎംകെ ആരോപിച്ചിട്ടുണ്ട്.
ഡിഎംകെ ജനറൽ സെക്രട്ടറി ആർ ഭാരതിയാണ് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അധിക സത്യവാങ്മൂലം ഫയൽ ചെയ്തത്. പൗരത്വം നൽകുന്നതിന് മതം അടിസ്ഥാനമാക്കുന്ന പുതിയ വ്യവസ്ഥയ്ക്ക് ആണ് നിയമം തുടക്കം ഇടുന്നതെന്ന് സത്യവാങ്മൂലത്തിൽ ആരോപിച്ചിട്ടുണ്ട്. മുസ്ലിങ്ങളെ നിയമത്തിൽ നിന്ന് പൂർണമായും ഒഴിവാക്കിയതിന് കൃത്യമായ വിശദീകരണം ഇല്ല. പീഡനം അനുഭവിക്കുന്ന ആറ് രാജ്യങ്ങളിലെ മുസ്ലിങ്ങളെ പോലും നിയമത്തിന്റെ പരിധിയിൽ കൊണ്ട് വന്നിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.