ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിത അറസ്റ്റിൽ
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിത അറസ്റ്റിൽ. ഇന്ന് രാവിലെ മുതൽ കവിതയുടെ ഹൈദരാബാദിലെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. ഉച്ചയോടെ കെ. കവിതയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി കവിതയെ ഡല്‍ഹിയിലേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. ഇ.ഡിയും കവിതയുടെ ഹൈദരാബാദ് വസതിയിൽ പരിശോധന നടത്തിയതിന് പിന്നാലെ ബി.ആർ.എസ് പ്രവർത്തകർ കവിതയുടെ വീടിന് മുമ്പിൽ പ്രതിഷേധം നടത്തി. ഇ.ഡി കവിതയെ കസ്റ്റഡിയിലെടുത്തെന്ന റിപ്പോര്‍ട്ടിന് പിന്നാലെ കവിതയുടെ സഹോദരനും തെലങ്കാന മുന്‍ മന്ത്രിയുമായ കെ.ടി രാമറാവു കവിതയുടെ വസതിയിലെത്തി.
'കവിതയെ രാത്രി 8.45 ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും എന്നാണ് അവര്‍ വീട്ടില്‍ അറിയിച്ചത്. ഇവിടെ വരുന്നതിന് മുമ്പ് തന്നെ അവരെ കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും കവിതയ്ക്ക് വിമാന ടിക്കറ്റ് വരെ ബുക്ക് ചെയ്തിരുന്നുവെന്നും തോന്നുന്നു'. മുതിര്‍ന്ന ബി.ആര്‍.എസ് നേതാവും മുന്‍ മന്ത്രിയുമായ പ്രശാന്ത് റെഡ്ഡി പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലിൽ കഴിയുന്നതും ഇതേ കേസിലാണ്. ഹൈദരാബാദ് വ്യവസായി ശരത് റെഡ്ഡി, വൈ.എസ്.ആർ കോൺഗ്രസ് എം.പി മഗുന്ത ശ്രീനിവാസുലു റെഡ്ഡി, അദ്ദേഹത്തിൻ്റെ മകൻ രാഘവ് മഗുന്ത റെഡ്ഡി എന്നിവരായിരുന്നു കേസിൽ ഉൾപ്പെട്ടിരുന്നവർ. ചോദ്യം ചെയ്യലിനായി കവിതയെ പലതവണ വിളിപ്പിച്ചെങ്കിലും രണ്ട് സമൻസുകൾ അവർ ഒഴിവാക്കി. കഴിഞ്ഞ വർഷം ഈ കേസിൽ കവിതയെ മൂന്ന് തവണ ചോദ്യം ചെയ്യുകയും പി.എം.എൽ.എ പ്രകാരം കേന്ദ്ര ഏജൻസി മൊഴി രേഖപ്പെടുത്തുകയും ചെയ്തു.