വിശാല പ്രതിപക്ഷ ഐക്യം; യു.പി.എ എന്ന പേര് മാറ്റും
2024 ലിൽ നടക്കാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ താഴയിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിശാല പ്രതിപക്ഷ ഐക്യത്തിന് രൂപം നൽകിയിരിക്കുന്നത്. എന്നാൽ അതിന് മുന്നോടിയായി യുപിഎ എന്ന പേര് മാറ്റുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിലവില്‍ യു.പി.എ. എന്ന പേരിലാണ് പ്രതിപക്ഷ മുന്നണി അറിയപ്പെടുന്നത്.
ബെംഗളൂരുവില്‍ ഇന്ന് വൈകിട്ട് ആരംഭിക്കുന്ന യോഗത്തില്‍ 24 ബി.ജെ.പി. വിരുദ്ധ പാര്‍ട്ടികൾ ഒത്തുചേരുമെന്നാണ് വിവരം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എ.എ.പി. തുടങ്ങിയ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുക്കുക. രണ്ടുദിവസമാണ് യോഗം. ചൊവ്വാഴ്ചത്തെ യോഗത്തിലാകും സഖ്യത്തിന്റെ പുതിയ പേര് തീരുമാനിക്കുകയെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2004 മുതല്‍ 2014 വരെ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന യു.പി.എയുടെ ചെയര്‍പേഴ്‌സണ്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയായിരുന്നു.
പുതിയ പ്രതിപക്ഷ ഐക്യത്തിന് പൊതു മിനിമം പരിപാടിയുണ്ടാകുമെന്നും ഇതിന്റെ കരട് രൂപത്തെ കുറിച്ചും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സംസ്ഥാനാടിസ്ഥാനത്തിലുള്ള സീറ്റ് പങ്കുവെക്കലിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. പൊതു മിനിമം പരിപാടിയുടെ കരട് രൂപം തയ്യാറാക്കാന്‍ ഒരു ഉപസമിതി രൂപവത്കരിച്ചേക്കുമെന്നും സൂചനയുണ്ട്. ഇത് കൂടാതെ റാലികള്‍, കണ്‍വെന്‍ഷനുകള്‍, പ്രതിഷേധങ്ങള്‍ തുടങ്ങി പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യാനും ഉപ സമിതി രൂപവത്കരിക്കും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗം, തിരഞ്ഞെടുപ്പ് കമ്മിഷനോട് പരിഷ്‌കാരങ്ങള്‍ക്ക് ശുപാര്‍ശ നല്‍കിയേക്കും.ഇത് രണ്ടാംതവണയാണ് പ്രതിപക്ഷ ഐക്യ സമ്മേളനം നടക്കുന്നത്.