ചോദ്യത്തിന് കോഴ വിവാദം; മഹുവ മൊയിത്ര എം.പിയെ അയോഗ്യയാക്കാൻ നീക്കം, വിയോജനക്കുറിപ്പ് നൽകാൻ പ്രതിപക്ഷം
ചോദ്യത്തിന് കോഴ ആരോപണത്തില്‍ മഹുവ മൊയ്ത്ര എം പിക്കെതിരെ നടപടി എടുക്കുന്നതിനെതിരെ എത്തിക്സ് കമ്മിറ്റിയിൽ പ്രതിപക്ഷം വിയോജന കുറിപ്പ് നൽകും. മഹുവയെ അയോഗ്യയാക്കാനുള്ള നീക്കത്തെ എതിർക്കുമെന്ന് കോൺഗ്രസ്, ബി എസ് പി അംഗങ്ങൾ വ്യക്തമാക്കി. എന്നാല്‍ സമിതിയിൽ ഭൂരിപക്ഷമുള്ളത് ബി ജെ പി അംഗങ്ങൾക്കാണ്.
മഹുവ പണം വാങ്ങിയെന്ന ആക്ഷേപം സമിതിക്ക് തെളിയിക്കാനായിട്ടില്ലെന്ന് എത്തിക്സ് കമ്മിറ്റിയംഗം ഡാനിഷ് അലി നേരത്തെ പ്രതികരിച്ചിരുന്നു. അതേസമയം മഹുവയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് എത്തിക്സ് കമ്മിറ്റിയിലെ ബി ജെ പി അംഗങ്ങൾ ചെയർമാന് കത്ത് നൽകി. 2005ല്‍ ചോദ്യത്തിന് കോഴ വാങ്ങിയെന്ന കേസില്‍ ൧൧ എംപിമാര്‍ക്കെതിരെ പാര്‍ലമെന്‍റ് നടപടിയെടുത്തിരുന്നു. സുപ്രീംകോടതി ഈ നടപടി അംഗീകരിച്ചിരുന്നു. ഇതേ നടപടി മഹുവയ്ക്കെതിരെയും വേണമെന്നാണ് ബി ജെ പി അംഗങ്ങളുടെ ആവശ്യം.
2005ല്‍ അത്തരമൊരു തീരുമാനമെടുത്തെങ്കില്‍ ചോദ്യത്തിന് സമ്മാനങ്ങൾ കൈപ്പറ്റിയ മഹുവയെ അയോഗ്യയാക്കണം എന്നാണ് ബി ജെ പി അംഗങ്ങളുടെ നിലപാട്. എത്തിക്സ് കമ്മിറ്റിയില്‍ ദ്രൗപദിയെ പോലെ വസ്ത്രാക്ഷേപം ചെയ്യപ്പെട്ടുവെന്നാണ് മഹുവയുടെ പ്രതികരണം.ബി ജെ പിയുടെ തിരക്കഥ പ്രകാരം അശ്ലീല ചോദ്യങ്ങൾ മാത്രം ചോദിച്ചതുകൊണ്ടാണ് ഹിയറിങ്ങില്‍ നിന്ന് ഇറങ്ങിപ്പോയത്. ഹിരാനന്ദാനി ഗ്രൂപ്പില്‍ നിന്ന് ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും മഹുവ മൊയിത്ര പറഞ്ഞു.
അതിനിടെ മഹുവ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന് മുന്‍ സുഹൃത്തായ അഭിഭാഷകൻ ആനന്ദ് ദെഹദ്രായ് പൊലീസിൽ പരാതി നൽകി. ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആനന്ദ് ദെഹദ്രായ് വ്യക്തമാക്കി. സുപ്രീംകോടതി അഭിഭാഷകനാണ് ആനന്ദ് ദെഹദ്രായ്.