'തോൽക്കുമെന്ന് ഉറപ്പായപ്പോൾ ബിജെപി പ്രശാന്ത് കിഷോറിനെ പണം കൊടുത്ത് ഇറക്കി' ; ആരോപണവുമായി ആർജെഡി നേതാവ് തേജസ്വി യാദവ്
ലോക്സഭ തെരഞ്ഞെടുപ്പ് ആറാം ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ അടുത്ത ദിവസങ്ങളിലായി ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട, പ്രശാന്ത് കിഷോറിന്‍റെ ബിജെപി അനുകൂല പ്രവചനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. പ്രശാന്ത് കിഷോര്‍ ബിജെപിയുടെ ഏജന്‍റാണെന്നും, പണം വാങ്ങിയിട്ടാണ് അദ്ദേഹം ബിജെപിക്ക് അനുകൂലമായി സംസാരിക്കുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നായപ്പോള്‍ ബിജെപി പ്രശാന്ത് കിഷോറിനെ ഇറക്കി, ബിജെപിക്ക് അനുകൂലമായ പ്രവചനങ്ങള്‍ നടത്തിച്ചു, പ്രശാന്ത് കിഷോറിന് ബിജെപി പണം നല്‍കുന്നുണ്ട്. അദ്ദേഹം ബിജെപി ഏജന്‍റ് മാത്രമല്ല, ബിജെപി മനസുള്ള ആള്‍ കൂടിയാണ്, ബിജെപിയുടെ ഐഡിയോളജിയാണ് അദ്ദേഹം പിന്തുടരുന്നത്, എന്‍ഡിഎയുടെ ഭാഗമാണ് പ്രശാന്ത് കിഷോറെന്ന നിതീഷ് കുമാറിന്‍റെ പ്രസ്താവനയെ ഇതുവരെ ആരും തള്ളി പറഞ്ഞിട്ടില്ലെന്നും തേജസ്വി യാദവ് വ്യക്തമാക്കി.
ബിജെപി തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും ജയിക്കുക, മോദി മൂന്നാം തവണയും അധികാരത്തിലെത്തും, കഴിഞ്ഞ തവണത്തെ അത്രയും സീറ്റുകള്‍- അല്ലെങ്കില്‍ അതിലുമധികം സീറ്റുകള്‍ ലഭിക്കും എന്നായിരുന്നു വീണ്ടും പ്രശാന്ത് കിഷോര്‍ മുന്നോട്ടുവച്ച പ്രവചനം. വോട്ടെടുപ്പ് തുടങ്ങും മുമ്പ് ബിജെപിയേ ജയിക്കൂ എന്ന് പ്രശാന്ത് കിഷോര്‍ പ്രവചിച്ചിരുന്നു. വോട്ടെടുപ്പ് അവസാനത്തിലേക്ക് അടുക്കുമ്പോള്‍ ബിജെപി തോല്‍വിഭയം നേരിടുന്നുവെന്ന ആരോപണം ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വീണ്ടും ബിജെപി അനുകൂല പ്രവചനം പ്രശാന്ത് കിഷോര്‍ നടത്തിയത്. തെരഞ്ഞെടുപ്പ് നിരീക്ഷൻ എന്ന നിലയില്‍ ഏറെ പ്രശസ്തി നേടിയ ആളാണ് പ്രശാന്ത്. എന്നാലിപ്പോള്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നാണ് ആരോപണം.