ബി.ജെ.പി. മുന്‍ ഉപമുഖ്യമന്ത്രിയായ ആർ അശോക കർണാടകയിലെ പ്രതിപക്ഷ നേതാവ്
കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ച് ബിജെപി. ബിജെപി നേതാവ് ആര്‍. അശോകയെയാണ് പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്. പദ്മനാഭനഗർ എംഎൽഎയായ ആർ അശോക മുൻ കർണാടക ഉപമുഖ്യമന്ത്രിയായിരുന്നു. വൊക്കലിഗ വിഭാഗക്കാരനാണ്. ബിജെപി സംസ്ഥാനാധ്യക്ഷനായി ചുമതലയേറ്റ ശേഷം ബി വൈ വിജയേന്ദ്ര ഇന്ന് എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നു.ഈ യോഗത്തിലാണ് വൊക്കലിഗ വിഭാഗക്കാരനായ ആർ അശോകയെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തത്.
ലിംഗായത്ത് - വൊക്കലിഗ സമവാക്യം പാലിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ബിജെപി ആര്‍ അശോകയെ പ്രതിപക്ഷ നേതാവാക്കിയത്. ലിംഗായത്ത് വിഭാഗത്തിലെ ഏറ്റവും തലമുതിർന്ന നേതാവ് യെദിയൂരപ്പയുടെ മകനാണ് സംസ്ഥാനാധ്യക്ഷൻ. ഇതിനുപിന്നാലെയാണ് വൊക്കലിഗ വിഭാഗത്തിൽ നിന്നുള്ള നേതാവിനെ പ്രതിപക്ഷനേതാവാക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലിംഗായത്ത്, വൊക്കലിഗ വോട്ടുകൾ കൂട്ടത്തോടെ ചോർന്നത് കൂടിയാണ് ബിജെപിയുടെ കനത്ത തിരിച്ചടിക്ക് ഇടയാക്കിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസത്തിന് ശേഷമാണ് ബിജെപി പ്രതിപക്ഷനേതാവിനെ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ സമ്മേളനങ്ങളിലും ബിജെപിക്ക് കർണാടകത്തിൽ പ്രതിപക്ഷനേതാവുണ്ടായിരുന്നില്ല.