തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളെ ഇഡിയിൽ നിന്ന് സംരക്ഷിക്കുന്ന ‘ബിഗ് ബ്രദർ’ ആരാണെന്ന് കെടിആർ
തെലങ്കാന റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡിയുടെ വസതിയിൽ അടുത്തിടെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡുകളിൽ കോൺഗ്രസിൻ്റെയും ബിജെപിയുടെയും മൗനത്തെക്കുറിച്ച് തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) വർക്കിംഗ് പ്രസിഡൻ്റ് കെടി രാമറാവു. മാത്രമല്ല തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളെ ഇഡിയിൽ നിന്ന് സംരക്ഷിക്കുന്ന ‘ബിഗ് ബ്രദർ’ ആരാണെന്ന് കെടിആർ ചോദിച്ചു.
കോൺഗ്രസ്-ബിജെപി നേതാക്കൾ ഡൽഹിയിൽ പലപ്പോഴും ഏറ്റുമുട്ടുമ്പോൾ, തെലങ്കാനയിലെ അവരുടെ പെരുമാറ്റം മറഞ്ഞിരിക്കുന്ന സഖ്യത്തെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാക്കൾക്കെതിരെ ഇഡി റെയ്ഡ് നടത്തിയിട്ടും ബിജെപി നേതാക്കൾ മൗനം പാലിക്കുകയാണെന്ന് അഭിപ്രായപ്പെട്ട കെടിആർ, ഈ അന്വേഷണങ്ങൾ നടത്തിയിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്ന് ഇരുവിഭാഗങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു.
തെലങ്കാനയിലെ രണ്ട് പ്രധാന സംഭവങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. ഒരു പ്രമുഖ കോൺഗ്രസ് മന്ത്രിയുടെ വസതിയിൽ നടത്തിയ റെയ്ഡിൽ നൂറുകണക്കിന് കോടികളുടെ കള്ളപ്പണം കണ്ടെത്തി. കണ്ടെത്തലിനെക്കുറിച്ച് കോൺഗ്രസോ ബിജെപിയോ ഇഡിയോ പരസ്യമായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് കെടിആർ പറഞ്ഞു. രണ്ടാമതായി, കർണാടകയിലെ വാൽമീകി കുംഭകോണത്തിലെ 40 കോടിയും ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്നും കെടിആര്‍ ആരോപിച്ചു.
ഗൗരവമായ ആരോപണങ്ങളായിട്ടും അറസ്റ്റുകളോ ഔപചാരികമായ അന്വേഷണങ്ങളോ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മൗനം രാഷ്ട്രീയ ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും കെടിആർ അഭിപ്രായപ്പെട്ടു. ഈ അന്വേഷണങ്ങളിൽ നിന്ന് കോൺഗ്രസ് നേതാക്കളെ ആരാണ് സംരക്ഷിക്കുന്നതെന്ന് ജനങ്ങൾക്ക് അറിയാൻ അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരു ദേശീയ പാർട്ടികളും സുതാര്യത പാലിക്കണമെന്ന് കെടിആര്‍ കൂട്ടിച്ചേർത്തു.