കനത്ത മഞ്ഞുവീഴ്ച്ചയ്ക്കിടെ സമാപന സമ്മേളനം; ഭാരത് ജോഡോ യാത്ര പ്രതീക്ഷയുടെ കിരണമെന്ന് പ്രിയങ്ക
ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറിൽ തുടരുന്നു. സമാപന സമ്മേളനം നിശ്ചയിച്ചിരുന്ന ഷേർ ഇ കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയം മഞ്ഞുമൂടിയ അവസ്ഥയിൽ ആണെങ്കിലും നേതാക്കൾ എല്ലാവരും യോഗത്തിന് എത്തിയിട്ടുണ്ട്. കോൺഗ്രസിനെ കൂടാതെ 11 പ്രതിപക്ഷ പാർട്ടികളും സമാപന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കനത്ത മഞ്ഞുവീഴ്ച കാരണം ജമ്മു - ശ്രീനഗർ ഹൈവേ അടച്ചിരിക്കുകയാണ്.
പ്രതീക്ഷയുടെ കിരണമാണ് ഭാരത് ജോഡോ യാത്രയെന്ന് പ്രിയങ്ക ഗാന്ധി സമ്മേളനത്തിൽ പറഞ്ഞു. രാജ്യം മുഴുവൻ ഈ പ്രകാശം വ്യാപിക്കുമെന്നും വെറുപ്പും വിദ്വേഷവും ഇല്ലാതാകുമെന്നും പ്രിയങ്ക പറഞ്ഞു. 136 ദിവസം പിന്നിട്ട് 4080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുലിൻറെ ഭാരത് ജോഡോ യാത്ര അവസാനിക്കുന്നത്. നിരവധി രാഷ്ട്രീയ മൂഹൂർത്തങ്ങൾക്കൊപ്പം തന്നെ വിവാദവും നിറഞ്ഞതായിരുന്നു യാത്ര. 2022 സെപ്റ്റംബർ 7 ന് ആണ് രാഹുൽ ഗാന്ധി ഭാരത് ജോഡ യാത്ര കന്യാകുമാരിയിൽ തുടങ്ങുന്നത്.