ബംഗളൂരു എംഎൽസി തെരഞ്ഞെടുപ്പ് ; ബിജെപി-ജെഡിഎസ് സഖ്യത്തിന് തോൽവി, ജയം കോൺഗ്രസിന്
കർണാടകയിൽ ബിജെപി - ജെഡിഎസ് സഖ്യത്തിന് തിരിച്ചടി. ബെംഗളുരുവിൽ ഇന്ന് നടന്ന എംഎൽസി തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം തോറ്റു. ബെംഗളുരു ടീച്ചേഴ്സ് മണ്ഡലത്തിലേക്കുള്ള എംഎൽസി തെരഞ്ഞെടുപ്പിലാണ് ബിജെപി - ജെഡിഎസ് സ്ഥാനാർഥി എ പി രംഗനാഥ് തോറ്റത്. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ പി പുട്ടണ്ണ ആണ് 2000 വോട്ടിന് ജയിച്ചത്. എൻഡിഎ സഖ്യത്തിന് വേണ്ടി മത്സരിച്ച ജെഡിഎസിലെ എപി രംഗനാഥിനെ 1506 വോട്ടിന് ആണ് പുട്ടണ്ണ തോൽപ്പിച്ചത്.
ബിജെപിയും ജെഡിഎസ്സും സഖ്യം പ്രഖ്യാപിച്ച ശേഷം കർണാടകയിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. കര്‍ണാടകയിലെ സാഹചര്യം കണക്കിലെടുത്താണ് ജെഡിഎസ് എന്‍ഡിഎയുടെ സഖ്യമായതെന്നായിരുന്നു എച്ച്ഡി കുമാരസ്വാമിയും ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൗഡയും വ്യക്തമാക്കിയിരുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ ഈ സഖ്യം ബാധകമാകില്ലെന്നും കുമാരസ്വാമി പ്രതികരിച്ചിരുന്നു. എന്നാല്‍, എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെട്ടത് ജെഡിഎസിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.