ബംഗ്ലാദേശ് വംശജരായ ന്യൂനപക്ഷ വിഭാഗങ്ങൾ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് കോൺഗ്രസിനാണെന്ന് ഹിമന്ത ബിശ്വ ശർമ
ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് വംശജരായ ന്യൂനപക്ഷ വിഭാഗങ്ങൾ വോട്ട് ചെയ്തത് കോൺഗ്രസിനാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസനങ്ങളെയും കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതികളെയും അവർ ഒട്ടും പരിഗണിച്ചില്ലെന്നും അസമിൽ വർഗീയതയുണ്ടാക്കുന്നത് ബംഗ്ലാദേശി വംശജരാണെന്നും ഹിമന്ത ബിശ്വ ശർമ ആരോപിച്ചു. അസമിലെ 14 ലോക്സഭ സീറ്റുകളിൽ 11ലും ബി.ജെ.പി സഖ്യമാണ് വിജയിച്ചത്. മൂന്ന് സീറ്റ് മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്.
സംസ്ഥാനത്ത് കോൺഗ്രസിന് ലഭിച്ച ഭൂരിപക്ഷം വോട്ടുകളും ബംഗ്ലാദേശ് ന്യൂനപക്ഷത്തിന്റേതാണെന്നാണ് ഹിമന്ത ആരോപിക്കുന്നത്. അസമിൽ വർഗീയതയുണ്ടാക്കുന്നത് ഹിന്ദുക്കളല്ല. ഒരൊറ്റ മതവിഭാഗം മാത്രമാണെന്നും റോഡും വൈദ്യുതിയും ഇല്ലാതിരുന്നിട്ടും ന്യൂനപക്ഷങ്ങൾ കൂടുതലുള്ള പ്രദേശങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്‌തിട്ടുണ്ടെന്നും അസം മുഖ്യമന്ത്രി വ്യക്തമാക്കി.
അസമീസ് ജനതക്കും ആദിവാസികൾക്കും വേണ്ടിയാണ് ബി.ജെ.പി പ്രവർത്തിച്ചത്. എന്നാൽ ബംഗ്ലാദേശ് വംശജരായ ന്യൂനപക്ഷങ്ങൾ ഭരണകക്ഷിക്ക് വോട്ട് ചെയ്തില്ല. കരിംഗഞ്ചിൽ ഒഴികെ, ഭൂരിപക്ഷം ബംഗ്ലാദേശ് വംശജരുള്ള കേന്ദ്രങ്ങൾ പരിഗണിക്കുകയാണെങ്കിൽ, 99 ശതമാനം വോട്ടുകളും കോൺഗ്രസിന് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. അവർ വൈദ്യുതിയും മറ്റ് പദ്ധതികളും പ്രയോജനപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ വീടുകളിലായിരിക്കാം താമസിക്കുന്നത്. മോദി നൽകുന്ന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്ന അവർ വോട്ട് കോൺഗ്രസിന്റെ പെട്ടിയിലേക്കിടുന്നുവെന്നും ശർമ കുറ്റപ്പെടുത്തി.