Begin typing your search...

അസം സർക്കാരിന് തിരിച്ചടി ; ബോൾഡോസർരാജിന് ഇരയായ അഞ്ച് കുടുംബങ്ങൾക്ക് 30 ലക്ഷം രൂപ വീതം നൽകി

അസം സർക്കാരിന് തിരിച്ചടി ; ബോൾഡോസർരാജിന് ഇരയായ അഞ്ച് കുടുംബങ്ങൾക്ക് 30 ലക്ഷം രൂപ വീതം നൽകി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അസമിൽ ബുൾഡോസർ രാജിന് ഇരയായ അഞ്ച് കുടുംബങ്ങൾക്ക് 30 ലക്ഷം നൽകി. കോടതി ഇടപെടലിനെ തുടർന്നാണ് അസം സർക്കാർ നഷ്ടപരിഹാരം നൽകിയത്. നാഗോൺ ജില്ലയിലെ പൊലീസ് സ്റ്റേഷൻ കത്തിച്ച സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് രണ്ട് വർഷം മുമ്പാണ് അഞ്ച് കുടുംബങ്ങളുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്.

ഇവർക്ക് നഷ്ടപരിഹാരം നൽകിയതിന്റെ വിശദാംശങ്ങൾ അസം സർക്കാറിന്റെ അഭിഭാഷകൻ ഗുവാഹത്തി ഹൈക്കോടതിയിൽ സമർപ്പിച്ചു. നാഗോൺ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് അഞ്ച് കുടുംബങ്ങൾക്ക് തിങ്കളാഴ്ച നഷ്ടപരിഹാരം വിതരണം ചെയ്തത്.

2022 ​മെയ് 21ന് നാഗോൺ ജില്ലയിലെ സലോനബാരി ഗ്രാമത്തിൽ നിന്നുള്ളവരാണ് ബട്ടദ്രാവ പൊലീസ് സ്റ്റേഷന് തീയിടുന്നത്. മീൻ വിൽപ്പനക്കാരനായ ഇസ്‍ലാം എന്നായാൾ പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നായിരുന്നു സംഭവം. തൊട്ടടുത്ത ദിവസം തന്നെ സംഭവത്തിൽ പ്രതികളാണെന്ന് ആരോപിച്ച് അഞ്ച് കുടുംബങ്ങളുടെ വീടുകൾ പൊലീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ഈ വീടുകൾ നിയമവിരുദ്ധമായും വ്യാജ രേഖകൾ ഉപയോഗിച്ചും നിർമിച്ചതാണെന്നായിരുന്നു പൊലീസ് വാദം.

കേസിൽ കഴിഞ്ഞവർഷം വാദം കേൾക്കുമ്പോൾ, വീട് നഷ്ടമായ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആർ.എം ഛായയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു. വീടുകൾ പൊളിച്ചത് നിയമ വിരുദ്ധമായിട്ടാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിർദേശം. അന്വേഷണത്തിന്റെ പേരിൽ അനുമതിയില്ലാതെ ആ​രുടെയും വീട് തകർക്കാൻ പൊലീസിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ പൊലീസ് സൂപ്രണ്ടി​നെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു.

2024 ഏപ്രിൽ 24ന് ഇൻസ്​പെക്ടർ ജനറൽ ഓഫ് പൊലീസ് സംസ്ഥാന സർക്കാറിന് നഷ്ടപരിഹാരം സംബന്ധിച്ച നിർദേശം സമർപ്പിച്ചു. വലിയ വീടുകൾക്ക് 10 ലക്ഷവും കുടിലുകൾക്ക് 2.5 ലക്ഷം വീതവുമാണ് നഷ്ടപരിഹാരമായി നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച നഷ്ടപരിഹാരം നൽകിയത്. വീടുകൾ നിയമവിരുദ്ധമായി തകർത്തതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിവരങ്ങളും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കോടതിയെ അറിയിക്കാൻ സർക്കാർ അഭിഭാഷകൻ നാലാഴ്ചത്തെ സമയം ചോദിച്ചു.

ഇസ്‍ലാമിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഒളിപ്പിച്ച ആയുധങ്ങളും മയക്കുമരുന്ന് വസ്തുക്കളും കണ്ടെത്താനായാണ് വീടുകൾ​ പൊളിച്ചതെന്ന് ഹർജിക്ക് മറുപടിയായി നാഗോൺ എസ്.പി ബുധനാഴ്ച സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കാലിയാബോർ സബ് ഡിവിഷണൽ പൊലീസ് ഓഫീസറുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്. കുടുംബങ്ങൾ പൊലീസുമായി സഹകരിക്കാത്തതിനാൽ പ്രതികളുടെ വീടുകളിൽ നിന്ന് കള്ളക്കടത്ത് വസ്തുക്കളൊന്നും കണ്ടെത്താനായില്ല. എന്നാൽ, ഇവിടെ ആയുധങ്ങളും മയക്കുമരുന്നുകളും ഉണ്ടെന്ന് രഹസ്യവിവരം നൽകിയവർ അറിയിച്ചിരുന്നു.

അതിനാൽ, പരിസരത്ത് സമഗ്ര പരിശോധന വേണ്ടിവന്നു. ഇതിന്റെ ഭാഗമായാണ് വീടിന്റെ പരിസരം ബുൾഡോസർ ഉപയോഗിച്ച് കുഴിക്കാൻ തീരുമാനിച്ചത്. തുടർന്ന് ഒരു റിവോൾവറും 6500 നൈട്രാസെപാം ഗുളികകളും കണ്ടെടുത്തതായും സത്യവാങ്മൂലത്തിൽ പൊലീസ് അറിയിച്ചു. അതേസമയം, അടുത്ത ബന്ധുവാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് പൊലീസ് കസ്റ്റഡിയിൽ മരിച്ച ഇസ്‌ലാമിന്റെ കുടുംബത്തിന് ഇതുവരെ ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. രേഖ ലഭിച്ചാലുടൻ നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

WEB DESK
Next Story
Share it