അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കും; കാരണം വ്യക്തമാക്കി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ്
ഈ മാസം 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാനുള്ള കാരണം വ്യക്തമാക്കി പുരിയിലെ ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാൺ പ്രതിഷ്ഠാ ചടങ്ങ് നാല് ശങ്കരാചാര്യന്മാർ ബഹിഷ്കരിക്കുമെന്ന വാർത്തക്ക് പിന്നാലെയാണ് നിശ്ചാലനന്ദ മഹാരാജിന്റെ പ്രതികരണം. തീരുമാനത്തിന് കാരണം പാരമ്പര്യങ്ങളിൽ നിന്നുള്ള വ്യതിചലനമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. രാം ലല്ല വിഗ്രഹം ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നത് പാരമ്പര്യ ആചാരങ്ങൾ പാലിച്ചല്ലെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ചടങ്ങിൽ പങ്കെടുത്താത് അഹങ്കാരമല്ല. ശങ്കരാചാര്യന്മാർ സ്വന്തം അന്തസ്സ് ഉയർത്തിപ്പിടിക്കുകയാണ്. അയോധ്യാ ക്ഷേത്രത്തിൽ പ്രധാനമന്ത്രി രാംലല്ല പ്രതിഷ്ഠിക്കുമ്പോൾ ഞങ്ങൾ പുറത്തിരുന്ന് കൈയടിക്കുമെന്നാണോ നിങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, ചടങ്ങിൽ ഒരു മതേതര സർക്കാരിന്റെ സാന്നിധ്യം ആചാരത്തെ ലംഘിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിർമാണം അപൂർണമായ ക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടെന്നാണ് തീരുമാനമെന്ന് ശങ്കരാചാര്യർ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ, നാല് ശങ്കരാചാര്യന്മാർ പരിപാടിയിൽ നിന്ന് വിട്ടുനിന്നതിൽ പ്രതിപക്ഷം പ്രതികരണവുമായി എത്തി. ശങ്കരാചാര്യന്മാർ പോലും പങ്കെടുക്കാത്ത ചടങ്ങിൽ താൻ പങ്കെടുക്കില്ലെന്ന് രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട് വ്യക്തമാക്കി. ചടങ്ങിനുള്ള ക്ഷണം അദ്ദേഹം നിരസിച്ചു.
പ്രാൺ പ്രതിഷ്ഠയെ രാഷ്ട്രീയമായി ഉപയോഗിച്ച് രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സൗരഭ് ഭരദ്വാജ് ആരോപിച്ചു. പ്രാണപ്രതിഷ്ഠ നടത്തുന്നതിന് ഒരു സമ്പ്രദായവും ആചാരാനുഷ്ഠാനങ്ങളുമുണ്ട്. ഈ സംഭവം മതപരമാണെങ്കിൽ നാല് പീഠങ്ങളിലെ ശങ്കരാചാര്യരുടെ നേതൃത്വത്തിലാണ് നടക്കേണ്ടത്. അപൂർണ്ണമായ ക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠയ്ക്ക് കഴിയില്ലെന്ന് നാല് ശങ്കരാചാര്യന്മാരും വ്യക്തമായി പറഞ്ഞിട്ടുണ്ട്. ചടങ്ങ് മതപരമല്ലെന്നും രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.