മഹാരാഷ്ട്രയില്‍ അമിത് ഷാ പങ്കെടുത്ത അവാര്‍ഡ് ചടങ്ങില്‍ സൂര്യാഘാതം; 11 പേര്‍ മരിച്ചു
മഹാരാഷ്ട്രയിലെ നവി മുംബൈയിലെ കാര്‍ഗറില്‍ വച്ച് നടന്ന മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദിന ചടങ്ങില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചു. തുറന്ന മൈതാനത്ത് നടന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി അമിത് ഷായാണ് അവാര്‍ഡ് വിതരണം ചെയ്തത്. സാമൂഹ്യ പ്രവര്‍ത്തകന്‍ അപ്പാസാഹേബ് ധര്‍മ്മാധികാരിക്കാണ് അവാര്‍ഡ് നല്‍കിയത്. 38 ഡിഗ്രി ചൂട് അനുഭവപ്പെട്ട സമയത്തായിരുന്നു തുറന്ന ഗ്രൌണ്ടില്‍ വച്ച് സമ്മേളനം നടന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും അടക്കമുള്ളവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തിരുന്നു. രാവിലെ 11.30ഓടെ ആരംഭിച്ച അവാര്‍ഡ് ദാന ചടങ്ങ് ഉച്ചയ്ക്ക് 1 മണിയോടെയാണ് സമാപിച്ചത്. ചടങ്ങുകള്‍ കാണാനുള്ള കേള്‍ക്കാനുമുള്ള സംവിധാനങ്ങളും ഇരിക്കാനുള്ള സീറ്റുകളും പരിപാടിക്കായി ഒരുക്കിയിരുന്നുവെങ്കിലും കൊടും ചൂടില്‍ തണല്‍ ഇല്ലാത്ത സാഹചര്യമായിരുന്നു ചടങ്ങില്‍ പങ്കെടുത്തവര്‍ക്കുണ്ടായത്. നിര്‍ഭാഗ്യകരമായ സംഭവമെന്നാണ് സംഭവത്തെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. 24 പേര്‍ ചികിത്സയിലുണ്ട്. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട് സംസ്ഥാന സര്‍ക്കാര്‍.