Begin typing your search...

അസമിൽ കയ്യേറ്റം ആരോപിച്ച് വീടുകൾ പൊളിച്ച് നീക്കാൻ ശ്രമം; അർദ്ധനഗ്നരായി പ്രതിഷേധിച്ച് സ്ത്രീകൾ

അസമിൽ കയ്യേറ്റം ആരോപിച്ച് വീടുകൾ പൊളിച്ച് നീക്കാൻ ശ്രമം; അർദ്ധനഗ്നരായി പ്രതിഷേധിച്ച് സ്ത്രീകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അസമിലെ സില്‍സാക്കോ ബീല്‍ പ്രദേശത്തെ കുടിയൊഴിപ്പിക്കലിന് എതിരെയാണ് സ്ത്രീകള്‍ അർദ്ധ നഗ്നരായി പ്രതിഷേധവുമായി രംഗത്തെത്തിയത്. സില്‍സാക്കോ ബീല്‍ പ്രദേശത്തെ തണ്ണീര്‍ത്തടം കയ്യേറിയെന്ന് ആരോപിച്ചായിരുന്നു ഒഴിപ്പിക്കല്‍ നടപടി. പൊലീസും ഉദ്യോഗസ്ഥരും വീടുകള്‍ ഒഴിപ്പിക്കാന്‍ എത്തിയപ്പോള്‍ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടക്കത്തിൽ അവര്‍ സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ തടയാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

അതിനിടെയാണ് രണ്ട് സ്ത്രീകള്‍ വസ്ത്രമഴിച്ച് പ്രതിഷേധിച്ചത്. അടിവസ്ത്രത്തില്‍ പ്രതിഷേധിച്ച സ്ത്രീകളെ പൊലീസ് ഉടന്‍ വസ്ത്രം പുതപ്പിച്ച് സ്ഥലത്തുനിന്ന് മാറ്റി. വൈകാതെ ജെസിബി ഉപയോഗിച്ച് പ്രതിഷേധിച്ചവരുടെ ഉള്‍പ്പെടെ വീടുകള്‍ പൊളിച്ചുനീക്കുകയും ചെയ്തു.

"ഈ ഭൂമി സമ്പന്നർക്ക് കോടിക്കണക്കിന് രൂപയ്ക്ക് വിൽക്കാനാണ് സർക്കാർ ഞങ്ങളെ പുറത്താക്കിയത്. ഇനി ഞങ്ങൾ എവിടെ പോകും? ​​ഞങ്ങളുടെ ജീവിതം അവസാനിച്ചു"- വീട് നഷ്ടപ്പെട്ടവര്‍ പറഞ്ഞു.

അതേസമയം പ്രദേശവാസികളുമായി കൂടിയാലോചിച്ചാണ് ഒഴിപ്പിക്കല്‍ നടത്തിയതെന്നും വീട് നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. പ്രതിഷേധിക്കുന്നവർ ഒരു പ്രത്യേക സംഘടനയിൽ നിന്നുള്ളവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സംഘടനയുടെ പേര് പറയാന്‍ അദ്ദേഹം തയ്യാറായില്ല- "ഞങ്ങൾ എന്തു ചെയ്താലും അവർ പ്രതിഷേധിക്കും. അവർക്കെതിരെ കർശന നടപടിയെടുക്കും."

എന്നാല്‍ കുടിയൊഴിപ്പിക്കൽ നടപടിയെ വിമർശിച്ച് പ്രതിപക്ഷ പാർട്ടിയായ അസം ജാതീയ പരിഷത്ത് അധ്യക്ഷൻ ലുറിൻജ്യോതി ഗൊഗോയ് രംഗത്തെത്തി. ബിജെപി ഭരണത്തിന് കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് അദ്ദേഹം ആരോപിച്ചു. ഈ സംസ്ഥാനത്ത് ആദ്യമായാണ് സ്ത്രീകൾക്ക് വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം ആദ്യവും സിൽസാക്കോ തടാകത്തിന് സമീപം കുടിയൊഴിപ്പിക്കൽ നടന്നിരുന്നു. തുടക്കത്തിൽ ഗുവാഹത്തി മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റി തടാകത്തിന്റെ ഇരുവശത്തുമായി 100 മീറ്ററിനുള്ളിൽ 450 കെട്ടിടങ്ങൾ പൊളിക്കാനാണ് തീരുമാനിച്ചത്. പിന്നീട് ജലസ്രോതസ്സ് പൂര്‍ണമായി കയ്യേറ്റരഹിതമാക്കാന്‍ ഒഴിപ്പിക്കല്‍ നടപടി വിപുലപ്പെടുത്തുകയായിരുന്നു.

WEB DESK
Next Story
Share it