പാർലമെന്റിൽ നടന്ന അതിക്രമം; ഒരാൾ കൂടി പിടിയിൽ , ആറാമനെ തിരിച്ചറിഞ്ഞതായി സൂചന
പാര്‍ലമെന്റിൽ അതിക്രമിച്ച് കയറിയതിൽ അഞ്ചാമത്തെയാളും പിടിയിലായി. ഹരിയാന ഗുരുഗ്രാം സ്വദേശി ലളിത് ആണ് പിടിയിലായത്. നേരത്തെ നാലുപേര്‍ പിടിയിലായിരുന്നു. സംഘത്തില്‍ ആറുപേരുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞിരുന്നു. വിക്രം എന്നയാളാണ് ആറാമനെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം അഞ്ചായി. ലളിതിന്റെ ഗുരുഗ്രാമിലെ വീട്ടിലാണ് പ്രതികൾ ഒന്നിച്ച് താമസിച്ചതെന്നും പൊലീസ് പറയുന്നു.
പാർലമെന്റ് ആക്രമണത്തിന്റെ 22 മത്തെ വാർഷികത്തിലാണ് രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് രണ്ടുപേർ സന്ദർശക ഗാലറിയിൽ നിന്നും മുദ്രാവാക്യം മുഴക്കിക്കൊണ്ട് എംപിമാരുടെ ഇടയിലേക്ക് ചാടി ഇറങ്ങിയത്. ഉച്ചയ്ക്ക് സഭ പിരിയുന്നതിനു മുൻപായി ഒരു മണിക്ക് ശൂന്യവേള നടക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായ സംഭവം . ഷൂസിൽ ഒളിപ്പിച്ചു വച്ച സ്‌മോക് സ്‌പ്രേ ലോക്‌സഭയിൽ ഉയർത്തി വിടുകയും ചെയ്തു.
സാഗർ ശർമ്മ, മൈസൂർ സ്വദേശിയും എൻജിനിയറിങ് വിദ്യാർഥിയുമായ മനോരഞ്ജൻ എന്നിവരാണ് ഭീതി പടർത്തിയത്. ഇതേ സമയം പാർലമെന്റിനു പുറത്ത് സ്‌മോക് സ്‌പ്രേ യുമായി രണ്ടു പേർ മുദ്രാവാക്യം വിളിച്ചു. അമോൽ ഷിൻഡെ ((25)) , നീലം (39) എന്നിവരെയാണ് നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മൈസൂർ കുടക് മണ്ഡലത്തിലെ ബി.ജെ.പി എംപി പ്രതാപ് സിംഹയാണ് ഇവർക്കുള്ള സന്ദർശക പാസിന് ശുപാർശ ചെയ്തത്. വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് പാർലമെന്റിൽ കടന്നു കയറാൻ പ്രേരിപ്പിച്ചതെന്ന് പ്രതികൾ മൊഴി നൽകി. ഒരു രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നും ഇവർ പറഞ്ഞു. സി. ആർ.പി.എഫ്.ഇഫ് മേധാവി അടക്കം ലോക്സഭയിലെത്തി . ഡൽഹി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികൾ വിവിധ ഏജൻസികൾ ചോദ്യം ചെയ്തു വരികയാണ്.