'ലൗ ജിഹാദ്' പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ നിയമനിർമ്മാണം തുടങ്ങി അസം സർക്കാർ
വീണ്ടും വിവാദ നീക്കവുമായി അസം സർക്കാർ. ലൗ ജിഹാദ് കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ നിയമ നിർമ്മാണത്തിന് നടപടി തുടങ്ങിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഗുവാഹത്തിയിൽ നടന്ന ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഫേസ്ബുക്കിൽ വ്യാജ പേരുകളിൽ അക്കൗണ്ട് തുടങ്ങി പെൺകുട്ടികളെ വശീകരിക്കുകയാണ്, വിവാഹം കഴിച്ച ശേഷമാണ് പലരും സത്യം തിരിച്ചറിയുന്നതെന്നും അസമിൽ ഇത് വ്യാപകമാണെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഇത്തരം കേസുകളിൽ ഇരയ്ക്കും നീതി ഉറപ്പാക്കണം, സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ പെൺകുട്ടികളെ വശീകരിക്കുന്നവർക്കെതിരെ പരമാവധി ശിക്ഷ നൽകും. പിന്നാക്ക വിഭാഗക്കാർക്ക് അവർക്കിടയിൽ മാത്രം ഭൂമി കൈമാറ്റം ചെയ്യാനാകുന്ന രീതിയിൽ നിയമം കൊണ്ടുവരുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
സംസ്ഥാനത്തെ എസ് സി, എസ്ടി വിഭാഗക്കാരുടെ ഭൂമി സംശയകരമായ രീതിയിൽ വ്യാപകമായി ചിലർ വാങ്ങിയെടുക്കുന്നതായും ഹിമന്ത ആരോപിച്ചു. ഭരണഘടനാ വിരുദ്ധമായ നടപടികളിൽ പുതിയ റെക്കോർഡ് സൃഷ്ടിക്കുകയാണ് ഹിമന്ത ബിശ്വ ശർമ്മയെന്ന് സിപിഎം വിമർശിച്ചു. ജനങ്ങളെ വിദ്വേഷം കൊണ്ട് വിഭജിച്ച് മാത്രമേ ബിജെപിക്ക് നിലനില്‍പ്പൊള്ളൂവെന്ന് സിപിഎം നേതാവ് ബൃന്ദ കാരാട്ട് പറഞ്ഞു.