ബിജെപി നേതാവ് ജയന്ത് സിൻഹയുടെ മകൻ ആശിഷ് സിൻഹ ഇന്ത്യാ മുന്നണിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ ; കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹം ശക്തം
മുതിർന്ന ബി.ജെ.പി നേതാവ് ജയന്ത് സിൻഹയുടെ മകൻ ആശിഷ് സിൻഹ ഇൻഡ്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തു. കോൺഗ്രസിൽ ചേരുന്നുവെന്ന ഊഹാപോഹങ്ങൾക്കിടെയാണ് ആശിഷ് സിൻഹ ജാർഖണ്ഡിലെ ഹസാരിബാഗിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രത്യക്ഷപ്പെട്ട് സ്ഥാനാർഥിക്ക് പിന്തുണ നൽകിയത്.
മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയുടെ ചെറുമകൻ കൂടിയായ ആശിഷ് കോൺഗ്രസ് സ്ഥാനാർഥി ജെ.പി പട്ടേലിന് പിന്തുണ അറിയിച്ചു. പാർട്ടി നേതാക്കൾ അദ്ദേഹത്തെ ഷാൾ നൽകി സ്വീകരിച്ചു.ആശിഷ് കോൺഗ്രസിൽ ചേരുമെന്ന രീതിയിൽ നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് അദ്ദേഹമോ സംസ്ഥാന കോൺഗ്രസ് നേതൃത്വമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
എന്നാൽ, ഇൻഡ്യ മുന്നണിയുടെ റാലിയിൽ ആശിഷ് പങ്കെടുത്തതിനർഥം അദ്ദേഹം കോൺഗ്രസിൽ ചേർന്നുവെന്ന് അർത്ഥമാക്കുന്നില്ലെന്ന് ജാർഖണ്ഡ് കോൺഗ്രസ് പ്രസിഡന്റ് രാജേഷ് താക്കൂർ പറഞ്ഞു. പാർട്ടി യശ്വന്ത് സിൻഹയെ ചടങ്ങിലേക്ക് ക്ഷണിച്ചുവെന്നും അദ്ദേഹത്തിന്റെ പ്രതിനിധിയായാണ് ആശിഷ് പങ്കെടുത്തതെന്നും താക്കൂർ പറയുന്നു.
സിറ്റിംഗ് എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ജയന്ത് സിൻഹയെ ഒഴിവാക്കി ഹസാരിബാഗിൽ മനീഷ് ജയ്സ്വാളിനെയാണ് ബി.ജെ.പി രംഗത്തിറക്കിയത്. ജയന്ത് സിൻഹയും പിതാവ് യശ്വന്ത് സിൻഹയും 1998 മുതൽ 26 വർഷത്തിലേറെയായി മണ്ഡലത്തെ പ്രതിനിധീകരിച്ചു വരികയാണ്. ജയന്തിനെ ഒഴിവാക്കാനുള്ള തീരുമാനം സിൻഹ കുടുംബത്തോട് ചെയ്യുന്ന അനീതിയായാണ് പൊതുവെ പാർട്ടി പ്രവർത്തകർ വിലയിരുത്തുന്നത്. ഇതിന് പുറമെ യശ്വന്ത് സിൻഹ കഴിഞ്ഞ കുറേ മാസങ്ങളായി കേന്ദ്ര സർക്കാറിന്റെയും പ്രധാനമന്ത്രിയുടെയും അമിത്ഷായുടെയും വിമർശകനാണ്.