ജനസംഖ്യ നിയന്ത്രണത്തിലെ സ്ത്രീ വിരുദ്ധത; പരാമർശം പിൻവലിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
ജനസംഖ്യ നിയന്ത്രണത്തിൽ സ്ത്രീ വിരുദ്ധ പരാമർശവുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. വിദ്യാഭ്യാസമുള്ള പെൺകുട്ടികൾക്ക് ജനന നിയന്ത്രണത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നായിരുന്നു നിതീഷ് കുമാറിന്റെ പരാമർശം. പരാമർശത്തിനെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. വിമർശനം കടുത്തതോടെ പരാമർശം നിതീഷ് കുമാർ പിൻവലിച്ചു.
സന്താന നിയന്ത്രണം ഒഴിവാക്കാനുള്ള ലൈംഗിക ബന്ധത്തിലെ രീതികൾ പെൺകുട്ടികൾക്കറിയാമെന്നായിരുന്നു നിതീഷ് കുമാറിൻ്റെ പരാമർശം. ആംഗ്യങ്ങൾ കാണിച്ച് നിയമസഭയിൽ നടത്തിയ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തമായി. ഇതിനെതിരെ ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മയും രംഗത്തെത്തി. നിതീഷ് കുമാർ മാപ്പ് പറയണമെന്ന് രേഖ ശർമ്മ ആവശ്യപ്പെടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഭാഷ ഇതാണെങ്കിൽ സംസ്ഥാനം അനുഭവിക്കുന്ന ഭീകരത ഊഹിക്കാവുന്നതേയുള്ളൂവെന്നും രേഖ ശർമ്മ പറഞ്ഞു.
വിമർശനം ശക്തമായതോടെ പെൺകുട്ടികൾക്കെതിരായ നിയമസഭയിലെ ലൈംഗിക പരാമർശത്തിൽ പ്രതികരണവുമായി നിതീഷ് കുമാർ രംഗത്തെത്തുകയായിരുന്നു. വിവാദ പ്രസ്താവന പിൻവലിക്കുന്നുവെന്ന് നിതീഷ് കുമാർ പറഞ്ഞു. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് പറയുന്നുവെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.