ലിവിങ് ടുഗതറിനുശേഷം പിരിഞ്ഞു; തുടര്‍ന്ന് മര്‍ദനവും ഭീഷണിയും; പരാതിയുമായി എയര്‍ഹോസ്റ്റസ്
ന്യൂഡല്‍ഹി ദ്വാരകയില്‍ എയര്‍ഹോസ്റ്റസിനെ മുന്‍ പൈലറ്റ് എന്ന് അവകാശപ്പെടുന്ന വ്യക്തി മര്‍ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതി. ജനുവരി 26-ന് സ്ത്രീയുടെ ഫ്‌ളാറ്റില്‍ വച്ചായിരുന്നു സംഭവം. ഒരു ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടവരാണ് ഇരുവരും. സംഭവത്തില്‍ പ്രതിയായ ഹര്‍ജീത് യാദവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണ് ഹര്‍ജീത്. നിലവില്‍ ഇയാള്‍ ഒളിവിലാണ്.
2022 ഡിസംബര്‍ മുതല്‍ ഒരുമിച്ച് താമസിക്കുന്നവരാണ് ഇരുവരും. എന്നാല്‍ പിന്നിട് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതോടെ സ്ത്രീ ഒറ്റയ്ക്ക് ദ്വാരകയിലെ ഫ്‌ളാറ്റിലേക്ക് മാറുകയായിരുന്നു. തുടര്‍ന്ന് ഇവിടെ സന്ദര്‍ശനത്തിനെത്തിയ പ്രതി ഇവരെ ആക്രമിച്ചു. ഇയാള്‍ ഇവരെ മര്‍ദിച്ചതായും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പ്രതി പൈലറ്റാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി ഇയാളുടെ പശ്ചാത്തലം പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
നിലവില്‍ ഇയാള്‍ തൊഴില്‍ രഹിതനാണ്. പ്രതിയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായും പോലീസ് കൂട്ടിച്ചേര്‍ത്തു. 2022 സെപ്റ്റംബറിലും ഡല്‍ഹിയില്‍ സമാനായ സംഭവമുണ്ടായിരുന്നു.