എയർ ഇന്ത്യ 500 പുതിയ വിമാനങ്ങൾ വാങ്ങുന്നു; 100 ബില്യൻ ഡോളറിലേറെ ചെലവ്
500 വിമാനങ്ങൾ വാങ്ങാൻ കമ്പനികളുമായി ധാരണയിലെത്തി എയർ ഇന്ത്യ. 100 ബില്യൻ യുഎസ് ഡോളറിലേറെ ചെലവിട്ടാണ് വിമാനങ്ങൾ വാങ്ങുന്നതെന്നു വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയെ സ്വന്തമാക്കിയതിനു പിന്നാലെയുള്ള വമ്പൻ പുതുക്കലിന്റെ ഭാഗമായാണു നടപടി. പുതിയ വിമാനങ്ങളുമായി ആഭ്യന്തര, രാജ്യാന്തര യാത്രയിൽ ആധിപത്യം സ്ഥാപിക്കുകയാണു ടാറ്റാ ഗ്രൂപ്പിന്റെ ലക്ഷ്യം.
ഫ്രാൻസിന്റെ എയർബസ്, എതിരാളികളായ ബോയിങ് എന്നീ കമ്പനികൾക്കു തുല്യമായാണു വിമാനനിർമാണ കരാർ അനുവദിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ എയർ ഇന്ത്യയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. എയർബസിന്റെ എ320 നിയോസ്, എ350എസ്, ബോയിങ്ങിന്റെ 737 മാക്‌സ്, 787 വൈഡ്‌ബോഡീസ്, 777 എക്‌സ്എസ് എന്നീ വിമാനങ്ങളാണു വാങ്ങുന്നത്. വെള്ളിയാഴ്ചയാണ് എയർഇന്ത്യയും എയർബസും കരാറിൽ ഒപ്പിട്ടത്. ഇക്കഴിഞ്ഞ ജനുവരി 27ന് ബോയിങ്ങുമായി കരാറായിരുന്നു. കരാറിനെപ്പറ്റി പ്രതികരിക്കൻ എയർഇന്ത്യയും വിമാനനിർമാണ കമ്പനികളും തയാറായില്ല.