500 പുതിയ വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി എയർ ഇന്ത്യ
സിവിൽ ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിനൊരുങ്ങി എയർ ഇന്ത്യ. 500 പുതിയ വിമാനങ്ങൾ വാങ്ങുന്നതിനുള്ള 82 ലക്ഷ്യം കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചതായി റിപ്പോർട്ട്. കരാർ പ്രകാരം ഫ്രഞ്ച് കമ്പനിയായ എയർബസിൽ നിന്നും യുഎസ് കമ്പനിയായ ബോയിംഗിൽ നിന്നും എയർ ഇന്ത്യ വിമാനങ്ങൾ വാങ്ങും. അടുത്തയാഴ്ചയോടെ കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷ.
റിപ്പോർട്ടുകൾ പ്രകാരം എയർ ഇന്ത്യ എയർബസിൽ നിന്ന് 250 വിമാനങ്ങൾ വാങ്ങും. 210 സിംഗിൾ ഐൽ എ320നിയോസും, 40 വൈഡ് ബോഡി എ350യും ഇതിൽ ഉൾപ്പെടുന്നു. ബോയിംഗിൽ നിന്ന് വാങ്ങുന്ന 220 വിമാനങ്ങളിൽ 190 എണ്ണം 737 മാക്‌സ് നാരോബോഡി ജെറ്റുകളും 20 എണ്ണം 787 വൈഡ്‌ബോഡി ജെറ്റുകളും 10 777xs വിമാനങ്ങളും ആയിരിക്കും. എന്നാൽ റിപ്പോർട്ട് ഇതുവരെ എയർബസോ എയർ ഇന്ത്യയോ സ്ഥിരീകരിച്ചിട്ടില്ല.
റിപ്പോർട്ടുകൾ പ്രകാരം ജനുവരി 27 ന് കരാറിനെക്കുറിച്ച് എയർ ഇന്ത്യ ജീവനക്കാരെ അറിയിച്ചു. ടാറ്റ ഗ്രൂപ്പിലേക്ക് മടങ്ങിയെത്തിയ ശേഷം അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകളിലെ ആധിപത്യം പിടിച്ചെടുക്കാൻ എയർ ഇന്ത്യ സ്വയം നവീകരിക്കുകയാണ്. എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് തുടങ്ങിയ വമ്പൻ വിമാനക്കമ്പനികൾക്ക് വെല്ലുവിളി ഉയർത്താൻ എയർ ഇന്ത്യയും ഒരുങ്ങുകയാണ്. ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ വാങ്ങിയിട്ട് ഒരു വർഷം തികയുന്നു. ഈ സാഹചര്യത്തിൽ ടാറ്റ ഗ്രൂപ്പിന്റെ മേൽനോട്ടത്തിൽ വലിയ മാറ്റത്തിലൂടെയാണ് കമ്പനി കടന്നുപോകുന്നത്.