എയ്‌റോ ഇന്ത്യ 2023: 14-ാമത് എഡിഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
എയ്‌റോ ഇന്ത്യ ഷോയുടെ 14-ാമത് എഡിഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിലെ യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 2023 ലെ എയ്‌റോ ഇന്ത്യ ഇവന്റിന്റെ ഭാഗമായി ഒരു ബില്യൺ അവസരങ്ങൾക്ക് വഴിതുറക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്' എന്നീ ആആശയങ്ങളുടെ ഭാഗമായി ഇന്ത്യൻ നിർമ്മിത ഉപകരണങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കുകയും വിദേശ സ്ഥാപനങ്ങളുമായി കരാറുണ്ടാക്കുകയും ചെയ്യുന്നതിലാണ് ഇവന്റ് കേന്ദ്രീകരിക്കുക എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഷോയിൽ പങ്കെടുക്കുന്നവർക്ക്, ഡിസൈൻ രംഗത്തെ രാജ്യത്തിന്റെ വികസനം, ആളില്ലാ വിമാന വ്യവസായത്തിലെ വിപുലീകരണം, സ്പേസ് പ്രൊട്ടക്ഷൻ, അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവ നിരീക്ഷിക്കാൻ കഴിയും. കൂടാതെ, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ)-തേജസ്, എച്ച്ടിടി-40, ഡോർണിയർ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ (എൽയുഎച്ച്), അഡ്വാൻസ്ഡ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്), തുടങ്ങിയ ഇന്ത്യ ആഭ്യന്തരമായി നിർമ്മിക്കുന്ന എയർക്രാഫ്റ്റുകളുടെ കയറ്റുമതിക്ക് എയ്‌റോ ഇന്ത്യ ഷോ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രാദേശിക എംഎസ്എംഇകളെയും സ്റ്റാർട്ടപ്പുകളെയും അന്തർദേശീയ വിതരണ ശൃംഖലയിലേക്കുള്ള സംയോജനം പ്രോത്സാഹിപ്പിക്കാനും സംയുക്ത ഉൽപ്പാദനത്തിനും വികസനത്തിനുമുള്ള സഹകരണം ഉൾപ്പെടെയുള്ള വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും പരിപാടി സഹായകമാകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എയ്‌റോ ഇന്ത്യ 2023- ൽ 80 -ലധികം രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഏകദേശം മുപ്പത് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും അന്താരാഷ്ട്ര, ഇന്ത്യൻ ബിസിനസ് രംഗത്തു നിന്നുള്ള 65 സിഇഒമാരും എയ്‌റോ ഇന്ത്യയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു..