ഹിൻഡൻബർഗിന്റേത് കണക്കുകൂട്ടിയ ആക്രമണം; മറുപടിയുമായി അദാനി ഗ്രൂപ്പ്
അമേരിക്കൻ നിക്ഷേപക ഗവേഷണ ഏജൻസിയായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിൽ വിശദമായ മറുപടിയുമായി അദാനി ഗ്രൂപ്പ്. ഹിൻഡൻബർഗിന്റേത് ഇന്ത്യക്കു നേരെ കണക്കുകൂട്ടിയ ആക്രമണമാണെന്ന് മറുപടിയിൽ പറയുന്നു.
'ഇത് കേവലം ഏതെങ്കിലും കമ്പനിക്ക് നേരെയുള്ള അനാവശ്യ ആക്രമണമല്ല, മറിച്ച് ഇന്ത്യക്കും ഇന്ത്യൻസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, സമഗ്രത, ഗുണനിലവാരം എന്നിവയ്ക്കും ഇന്ത്യയുടെ അഭിലാഷങ്ങൾക്കും അതിന്റെ വളർച്ചാ കഥയ്ക്കും നേരെയുള്ള കണക്കുകൂട്ടിയുള്ള ആക്രമണമാണ്' അദാനി ഗ്രൂപ്പ് അവരുടെ 413 പേജുള്ള വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി.
ഹിൻഡൻബർഗിന് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനായി ഗൂഢലക്ഷ്യമുണ്ടെന്നും അവർ ആരോപിക്കുന്നു. ഹിൻഡൻബർഗിന്റെ റിപ്പോർട്ട് കളവല്ലാതെ മറ്റൊന്നുമല്ല. 'ഒരു ഗൂഢലക്ഷ്യത്തോടെയുള്ള അടിസ്ഥാനരഹിതവും അപകീർത്തിപ്പെടുത്തുന്നതുമായ ആരോപണങ്ങളുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളുടെയും മറച്ചുവെച്ച വസ്തുതകളുടെയും സംയോജനമാണ് അവരുടെ റിപ്പോർട്ട്. തെറ്റായ വിപണി സൃഷ്ടിച്ച് സാമ്പത്തിക നേട്ടം ലക്ഷ്യമിടുന്നുണ്ടെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
അദാനി എന്റർപ്രൈസസിന്റെ ഫോളോഓൺ പബ്ലിക് ഓഫർ തുടങ്ങുന്ന സമയം തന്നെ ഇത്തരമൊരു റിപ്പോർട്ട് കൊണ്ടുവന്നതിലെ ദുരുദ്ദേശ്യം വ്യക്തമാണെന്നും അദാനിയുടെ വിശദീകരണത്തിൽ പറയുന്നു.