ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ ആംആദ്മി അടക്കം 3 പാർട്ടികൾക്ക് ക്ഷണമില്ല; 21 പാർട്ടികളെ ക്ഷണിച്ച് കോൺഗ്രസ്
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് പ്രതിപക്ഷ ഐക്യ വേദിയാക്കി മാറ്റാൻ കോൺഗ്രസ് പരിശ്രമിക്കുമ്പോൾ പ്രതിപക്ഷത്തെ മൂന്ന് പാർട്ടികൾക്ക് പരിപാടിയിലേക്ക് ക്ഷണമില്ല. ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിലേക്ക് ആം ആദ്മി പാർട്ടി അടക്കമുള്ള മൂന്ന് പാർട്ടികൾക്കാണ് ക്ഷണമില്ലാത്തത്.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു നയിക്കുന്ന ഭാരത് രാഷ്ട്ര സമിതിയേയും , ഗുലാം നബി ആസാദിന്‍റെ ഡമോക്രറ്റിക് പാർട്ടിയേയും ഒഴിവാക്കിയിട്ടുണ്ട്. ഇടത് പാർട്ടികൾ, തൃണമൂൽ കോൺഗ്രസ്, ശിവസേന, എൻ സി പി യടക്കം 21 പാർട്ടികളെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ക്ഷണിച്ചത്. ഭാരത് ജോഡോ യാത്രയുമായി സഹകരിച്ചവർക്കും, പ്രതിപക്ഷ ഐക്യ ആഹ്വാനവുമായി രാഹുൽ ഗാന്ധി എഴുതിയ കത്തിനോട് പ്രതികരിച്ചവർക്കും മാത്രമേ ക്ഷണമുള്ളൂവെന്നാണ് എ ഐ സി സിയുടെ വിശദീകരണം. മുപ്പതിന് ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് യാത്രയുടെ സമാപനം.