ശ്രദ്ധ വോൾക്കറുടെ കൊലപാതകം; അഫ്താബ് ശരീരം മുറിച്ചത് അറക്കവാൾ ഉപയോഗിച്ച്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
ലിവ്‍–ഇൻ പങ്കാളിയായ ശ്രദ്ധ വോൾക്കറെ അഫ്താബ് പൂനാവാല കൊലപ്പെടുത്തിയശേഷം ശരീരം കഷണങ്ങളാക്കിയത് അറക്കവാൾ ഉപയോഗിച്ചാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അസ്ഥികളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം പുറത്തുവന്നത്. കഴിഞ്ഞമാസം നടത്തിയ ഡിഎൻഎ പരിശോധനയിൽ കണ്ടെടുത്ത അസ്ഥികള്‍ ശ്രദ്ധയുടേതാണെന്ന് തെളിഞ്ഞിരുന്നു. കൊലപാതകം പുറത്തുവന്നതിനെത്തുടർന്ന് അഫ്താബ് തന്നെയാണ് മെഹ്റൗലി വനമേഖലയിലും ഗുരുഗ്രാമിലും മൃതദേഹഭാഗങ്ങൾ ഉപേക്ഷിച്ച സ്ഥലങ്ങളിലേക്ക് പൊലീസിനെ എത്തിച്ചത്. ഇരുവരുടെ ഫ്ലാറ്റിൽ കണ്ടെത്തിയ രക്തക്കറയും ശ്രദ്ധയുടേതാണെന്ന് തെളിഞ്ഞിരുന്നു.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലായിരുന്നു (എയിംസ്) പോസ്റ്റ്‌മോർട്ടം. മേയ് 18ന് മെഹ്റൗലിയിലെ വാടകയ്ക്കെടുത്ത ഫ്ലാറ്റിൽ വച്ചാണ് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തുന്നത്. വാഗ്വാദത്തെത്തുടർന്നായിരുന്നു ഇത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ശരീരം 35 കഷണങ്ങളാക്കി മുറിച്ചു. പിന്നീട് ദിവസങ്ങൾകൊണ്ട് ശരീര ഭാഗങ്ങൾ വിവിധ സ്ഥലങ്ങളിൽ നിക്ഷേപിച്ചു. മഹാരാഷ്ട്രയാണ് ഇവരുടെ സ്വദേശം. അന്യമതസ്ഥനുമായുള്ള ബന്ധത്തെ ശ്രദ്ധയുടെ കുടുംബം എതിർത്തിരുന്നു. ഇതേത്തുടർന്നാണ് ഇവർ ഡൽഹിയിലേക്കു താമസം മാറിയത്. മേയ് ആദ്യവാരം ഡൽഹിയിൽ എത്തുകയായിരുന്നു ഇരുവരും. ശ്രദ്ധയെ കാണാനില്ലെന്ന പരാതി പിതാവ് ഒക്ടോബറിലാണ് മഹാരാഷ്ട്ര പൊലീസിനു നൽകുന്നത്. പിന്നീട് പൊലീസ് അന്വേഷണത്തിൽ കൊലപാതക വിവരം പുറത്തുവരികയായിരുന്നു.