ഡോക്ടറുടെ കൊലപാതകം; ആരോഗ്യ മന്ത്രാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
കൊൽക്കത്തയിലെ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സുപ്രീംകോടതി ഇടപെട്ടിട്ടും അയയാതെ ഡോക്ടർമാർ. കൊൽക്കത്തയിലെ വിവിധ മെഡിക്കൽ കോളേജുകളിലെ ആയിരക്കണക്കിന് ഡോക്ടർമാർ ആരോഗ്യ മന്ത്രാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ആർ ജി കർ ആശുപത്രിയുടെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തു. മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ തുടർച്ചയായി ആറാം ദിവസവും സിബിഐ ചോദ്യം ചെയ്യുകയാണ്.
സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കുകയാണ് ഡോക്ടർമാർ. ദില്ലിയിലെ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ച് റസിഡന്റ് ഡോക്ടർമാരുടെ സമരം തുടരുകയാണ്. സുപ്രീംകോടതി നിയോഗിച്ച ദേശീയ കർമ സമിതിയിൽ റസിഡന്റ് ഡോക്ടർമാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തണം എന്നും ആരോഗ്യപ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച ഓർഡിനൻസ് ഉടൻ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് സമരം തുടരുന്നത്. അതേസമയം, ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി ഇന്ന് പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെ, ആശുപത്രി അടിച്ചു തകർത്ത സംഭവത്തിൽ 3 പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.