ബോഡി ബിൽഡിങ്ങിന് സിങ്ക് ഗുണപ്രദം; 39 നാണയങ്ങളും 37 കാന്തവും വിഴുങ്ങി യുവാവ്
ബോഡി ബിൽഡിങ്ങിന് സിങ്ക് ഗുണപ്രദമാണെന്ന് കരുതിയ യുവാവ് നാണയവും കാന്തവും തുടർച്ചയായി ഭക്ഷിച്ചു. തുടർന്ന് വയറുവേദനയും ഛർദിയും കലശലായതോടെ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇരുപത്തിയാറുകാരനായ യുവാവിന്റെ കുടലിൽ നിന്ന് 39 നാണയങ്ങളും 37 കാന്തവും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
ആശുപത്രിയിൽ ചികിത്സ തേടുമ്പോൾ ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥയിലായിരുന്നു ഇയാൾ. സർ ഗംഗാ റാം ആശുപത്രിയിലെ സീനിയർ കൺസൾട്ടൻറ് തരുൺ മിത്തലിനെയാണ് ഇയാൾ ആദ്യം കണ്ടത്. യുവാവ് കഴിഞ്ഞ കുറച്ചാഴ്ചകളായി നാണയവും കാന്തവും ഭക്ഷിക്കുന്ന വിവരം ബന്ധുക്കൾ ഡോക്റെ അറിയിച്ചു.
യുവാവിന്റെ വയറിന്റെ എക്സറേയും ബന്ധുക്കൾ ഡോക്ടറിന് നൽകി. തുടർന്ന് നടത്തിയ സിടി സ്കാൻ പരിശോധനയിലാണ് കുടലിൽ തടസ്സം സൃഷ്ടിച്ചുകൊണ്ട് നാണയവും കാന്തവും കുന്നുകൂടിയിരിക്കുന്നത് കണ്ടെത്തിയത്. ഉടൻ തന്നെ യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.
ചെറുകുടലിൽ രണ്ടുഭാഗത്തായിട്ടാണ് നാണയവും കാന്തവും കുരുങ്ങിയിരുന്നത്. ഇത് നീക്കം ചെയ്ത ഡോക്ടർമാർ യുവാവിന്റെ വയർ മുഴുവൻ പരിശോധിച്ചു. തുടർന്ന് കണ്ടെത്തിയ നാണയങ്ങളും കാന്തവും നീക്കം ചെയ്തു.
1,2,5 രൂപയുടെ 39 നാണയങ്ങളും ഹൃദയം, ത്രികോണം, നക്ഷത്രം, ബുള്ളറ്റ് ആകൃതിയിലുള്ള 37 കാന്തങ്ങളുമാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതായി ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് ഏഴുദിവസങ്ങൾക്ക് ശേഷം ആശുപത്രി വിട്ട യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. മാനസികാസ്വാസ്ഥ്യത്തിന് യുവാവ് മരുന്ന് കഴിക്കുന്നുണ്ടായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു.