200 മരങ്ങൾ നടണമെന്ന വ്യവസ്ഥയിൽ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം
200 മരങ്ങൾ നടണമെന്ന വ്യവസ്ഥയിൽ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച് ഒഡീഷ ഹൈക്കോടതി. കട്ടക് സ്വദേശിയായ കാർത്തിക് മജ്ഹി എന്നയാൾക്കാണ് വ്യത്യസ്തമായ നിബന്ധനയോടെ കോടതി ജാമ്യം അനുവദിച്ചത്. കാർത്തിക്കിന്റെ ഗ്രാമത്തിലുടനീളം മാവ്, പുളി എന്നിങ്ങനെയുള്ള വൻമരങ്ങൾ നടണമെന്നാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
2023 നവംബർ 19നാണ് കാർത്തിക്കിനെ കൊക്‌സാര പോലീസ് അറസ്റ്റ് ചെയ്യുന്നത്. വീട്ടിൽ അതിക്രമിച്ചു കയറൽ, ലൈംഗിക പീഡനം, പോക്‌സോ, ആത്മഹത്യാ പ്രേരണക്കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്. കാർത്തിക്ക് ഉൾപ്പടെ ആറ് പേർ പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയും തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്യുകയും ചെയ്തുവെന്ന കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം കേസ് ഭവാനിപട്‌നയിലെ അഡീഷണൽ സെഷൻസ് കോടതിയുടെ പരിഗണനയിലിരിക്കെ ഈ വർഷം ഫെബ്രുവരി 20ന് കാർത്തിക്ക് ജാമ്യാപേക്ഷ സമർപ്പിച്ചു.
ഈ അപേക്ഷയിലാണ് മരം നടണമെന്ന വ്യവസ്ഥയിൽ കോടതി നിലവിൽ ജാമ്യം അനുവദിച്ചത്. മഴക്കാലമെത്തുന്നതിന് മുമ്പ് മരം മുഴുവൻ നടണമെന്നും അത് മുഴുവൻ കാർത്തിക് പരിപാലിക്കണമെന്നുമാണ് കോടതിയുടെ ഉത്തരവ്. മേൽനോട്ട ചുമതല കാലഹണ്ടിയിലെ അംപാനി പോലീസ് സ്റ്റേഷനാണ്. കൂടാതെ മരം നടാൻ കാലഹണ്ടി ജില്ലാ നഴ്‌സറിയുടെ സഹായം തേടാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. മാത്രവുമല്ല എല്ലാ ആഴ്ചയും രാവിലെ 10നും ഉച്ചയ്ക്ക് 1 മണിക്കുമിടയ്ക്ക് പോലീസ് സ്റ്റേഷനിൽ ഇയാൾ ഹാജരാവുകയും വേണം.