റെയിൽവേ ഭക്ഷണത്തിന് '5 സ്റ്റാർ'; തള്ളല്ലേ പ്രൊഫസറേ... തള്ളല്ലേ..! എന്ന് സോഷ്യൽ മീഡിയ
ഇന്ത്യൻ റെയിൽവേയുടെ സർവീസിനെക്കുറിച്ചു നാട്ടിൽ നല്ല അഭിപ്രായങ്ങളൊന്നും പറഞ്ഞുകേട്ടിട്ടില്ല. ആരെങ്കിലും പറഞ്ഞതായും കേട്ടിട്ടില്ല! ഇന്ത്യൻ റെയിൽവേയെ മൊത്തത്തിൽ താഴ്ത്തിക്കെട്ടുകയല്ല. ചില സന്ദർഭങ്ങളിൽ ഇന്ത്യൻ റെയിൽവേ യാത്രക്കാരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിട്ടുണ്ടാകാം. മലയാളികളെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ റെയിൽവേയിൽനിന്ന് ദുരനുഭവങ്ങൾ മാത്രമാണു ലഭിച്ചിട്ടുള്ളത്. മൻമോഹൻ സിംഗിന്റെ രണ്ടു മന്ത്രിസഭയിലും ക്യാബിനറ്റ് മന്ത്രിമാർ ഉണ്ടായിരുന്നപ്പോഴും കേരളത്തിന് ഒരു മണ്ണാങ്കട്ടയും കിട്ടിയില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ എന്തുകിട്ടുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ!
വൃത്തിഹീനമായ സാഹചര്യത്തിലാണ് പലപ്പോഴും റെയിൽവേ സർവീസ് നടത്തുന്നത്. സമയക്രമം പാലിക്കുന്ന ട്രെയിൻ വിരലിലെണ്ണാവുന്നവ മാത്രം. പരാതിപ്പെട്ടാൽ, താൻ പോയി പണി നോക്കടോ- എന്ന മട്ടിലായിരിക്കും ഉദ്യോഗസ്ഥരുടെ പ്രതികരണം. ഭക്ഷണത്തിന്റെ കാര്യത്തിൽ എന്നും മോശം അനുഭവങ്ങൾ മാത്രമായിരിക്കാം യാത്രക്കാർക്കു ലഭിച്ചിട്ടുണ്ടാകുക. അടുത്തിടെ വന്ദേ ഭാരത് ട്രെയിനിൽ വിളമ്പിയ വട പിഴിഞ്ഞ് എണ്ണയെടുത്ത ചിത്രങ്ങളും വീഡിയോയും വൻ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പലരും ട്രെയിൻ യാത്രയ്ക്കിടെ വീട്ടിൽനിന്നു ഭക്ഷണം കൊണ്ടുവന്നു കഴിക്കുന്നവരാണ്.
ഇത്തരം സാഹചര്യങ്ങളുമായി ഇന്ത്യക്കാർ പൊരുത്തപ്പെട്ടുപോകുമ്പോഴാണ് അമേരിക്കക്കാരനായ സാൽവത്തോർ ബാബോൺസ് എന്ന സോഷ്യോളജി പ്രൊഫസർ റയിൽവേയിലെ കാറ്ററിംഗ് ടീം വിളമ്പിയ ഭക്ഷണത്തിന് 'ഫൈവ് സ്റ്റാർ' നൽകിയത്. പ്രൊഫസറുടെ ട്വീറ്റ് വൈറലാകുകയും ചെയ്തു. ഫോട്ടോ സഹിതമാണു പ്രൊഫസറിന്റെ ട്വീറ്റ്. ഭക്ഷണത്തിന്റെ മാത്രമല്ല, കാറ്ററിംഗ് ജീവനക്കാരനോടൊപ്പമുള്ള ചിത്രവും സാൽവത്തോർ പങ്കുവച്ചിട്ടുണ്ട്.
സിഡ്നി യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറും സാമൂഹിക ശാസ്ത്രജ്ഞനുമായ സാൽവത്തോർ ബാബോൺസ് രാജധാനി എക്സ്പ്രസിലാണ് യാത്ര ചെയ്തത്. ചിത്രത്തോടൊപ്പം- 'ഇത് ഇന്ത്യൻ റെയിൽവേയിലെ രണ്ടാം ക്ലാസ് ഭക്ഷണമാണോ? ഇത് എനിക്ക് ഫസ്റ്റ് ക്ലാസ് രുചിയാണ്! എന്നു തുടങ്ങുന്ന കുറിപ്പും പ്രൊഫസർ പങ്കുവച്ചു. ഐസ്‌ക്രീം സൗജന്യമായി ലഭിച്ചെന്നും പറയുന്നു. കേന്ദ്രറെയിൽമന്ത്രി അശ്വിനി വൈഷ്ണവിനെയും കുറിപ്പിൽ പുകഴ്ത്തിയിട്ടുണ്ട്.
പ്രൊഫസറുടെ കുറിപ്പ് നെഗറ്റീവ് തരംഗമാണ് സൃഷ്ടിച്ചതെന്ന് പറയേണ്ടിവരും. ട്വീറ്റ് ചെയ്തു മണിക്കൂറിനുള്ളിൽ രാജധാനിയിലെ മോശം അനുഭവങ്ങളെക്കുറിച്ചുള്ള കമന്റുകളുടെ ഘോഷയാത്രയായിരുന്നു. അക്ഷരാർഥത്തിൽ പ്രൊഫസർക്കെതിരേ നെറ്റിസൺസ് പൊങ്കാലയിട്ടു. 'നിങ്ങൾ ഭക്ഷണം ആസ്വദിച്ചുവെന്നറിഞ്ഞതിൽ സന്തോഷം. ഭക്ഷണത്തിന്റെ വില ടിക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഐസ്‌ക്രീം സൗജന്യമായിരുന്നില്ല...' എന്നായിരുന്നു ഒരു കമന്റ്. മറ്റു ചിലർ രാജധാനി എക്സ്പ്രസിനെ മറ്റു ട്രെയിനുകളുമായി താരതമ്യം ചെയ്യരുതെന്നും കമന്റ് ചെയ്തു.
This is 2nd Class food on India's national railways? It tastes First Class to me! I'm very impressed, Minister @AshwiniVaishnaw. You should make Mr. Narendra Kumar your international brand ambassador. Five stars for the kitchen in the Rajdhani Express. -- UPDATE: free ice cream! pic.twitter.com/9TwbnjXG7c
— Salvatore Babones (@sbabones) February 13, 2023