എന്തുകൊണ്ടാണ് സ്മൃതി ഇറാനി മൗനം പാലിക്കുന്നത്?; സ്മൃതി ഇറാനിക്കെതിരെ ഗുസ്തി താരങ്ങൾ
ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായിരുന്ന ബ്രിജ്ഭൂഷൻ സിങ്ങിനെതിരായ ലൈംഗിക പീഡനാരോപണത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തങ്ങൾ നടത്തുന്ന പ്രതിഷേധം കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര വനിത, ശിശു വികസന മന്ത്രി സ്മൃതി ഇറാനിയുടെ നിലപാടിനെതിരെ ഗുസ്തി താരങ്ങൾ രംഗത്തു വന്നുു. രാജ്യത്തിന്റെ പുത്രിമാർ പീഡനാരോപിതനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കുമ്പോൾ എന്തുകൊണ്ടാണ് സ്മൃതി ഇറാനി മൗനം പാലിക്കുന്നതെന്നാണ് ഒളിമ്പിക് മെഡൽ ജേതാവായ ഗുസ്തി താരം സാക്ഷി മലിക് ചോദിക്കുന്നത്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്മൃതി ഇറാനിയും വിഷയത്തിൽ ഉടൻ ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന ആവശ്യവും താരങ്ങൾ ഉന്നയിച്ചു.
'സ്വന്തം തത്വമായ 'ബേട്ടീ ബചാവോ, ബേട്ടീ പഠാവോ' ഉൾക്കൊണ്ട് ഞങ്ങളോട് സംസാരിക്കണമെന്നും ഞങ്ങളുടെ 'മൻ കി ബാത്ത്' കേൾക്കണമെന്നും പ്രധാനമന്ത്രിയോട് അപേക്ഷിക്കുകയാണെന്നും 2016 റയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ സാക്ഷി മലിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മെഡൽ ജയിക്കുമ്പോൾ ഞങ്ങളെ പുത്രിമാരെന്ന് വിളിക്കുകയും വീട്ടിലേക്ക് ക്ഷണിക്കുകയുമൊക്കെ ചെയ്യുന്നു. അതുപോലെ ഇപ്പോൾ ഞങ്ങൾക്ക് പറയാനുള്ളതുകൂടി കേൾക്കണമെന്ന് അപേക്ഷിക്കുകയാണെന്നും അവർ പറഞ്ഞു. വിഷയത്തിൽ പ്രതികരിക്കാൻ സ്മൃതി ഇറാനിയോടും ആവശ്യപ്പെടുന്നു. എന്തുകൊണ്ടാണ് നിങ്ങൾ നിശബ്ദയായിരിക്കുന്നത്? ദിവസങ്ങളായി ഞങ്ങൾ ഇവിടെയുണ്ട്. കൊതുകുകൾക്കൊപ്പമാണ് ഞങ്ങളുടെ ഉറക്കം. നീതിക്കുവേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്. അതിനുവേണ്ടി കാത്തിരിക്കുകയാണെന്നും സാക്ഷി മലിക് കൂട്ടിച്ചേർത്തു.