'ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍' ഡോക്യൂമെന്ററി: വിശദീകരണവുമായി ബിബിസി
India the Modi question; BBC gives explanation
പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള 'ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്റെറിയില്‍ വിശദീകരണവുമായി ബിബിസി. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വിവാദ വിഷയങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയരുന്നുവെന്നും എന്നാല്‍ ഇന്ത്യ പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കി. അതേസമയം ഡോക്യൂമെന്ററിയിലൂടെ ബിബിസിയുടെ കൊളോണിയല്‍ മനോനിലയാണ് വ്യക്തമാകുന്നതെന്ന് വിദേശകാര്യമന്ത്രാലം വ്യക്തമാക്കി. ബ്രിട്ടിഷ് പ്രധാനമന്ത്രിയും നരേന്ദ്രമോദിക്ക് പ്രതിരോധവുമായി രംഗത്തെത്തി.ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വിവാദ വിഷയങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയരുന്നുവെന്ന് വ്യക്തമാക്കിയ ബിബിസി, ഡോക്യുമെന്ററിയില്‍ ബിജെപി നേതാക്കളുടെ അഭിപ്രായം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിശദീകരിച്ചു. എന്നാല്‍ ബിബിസിയുടെ 'ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററി സീരീസിനെതിരെ ശക്തമായി പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നിരുന്നു. ബി ബി സിയുടെ കൊളോണിയല്‍ മനോനില വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഡോക്യുമെന്ററി സീരിസെന്നും ഇതൊരു അജണ്ടയാണെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികണം. നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുക എന്ന ഉദ്ദേശ്യത്തോടു കൂടി മാത്രം നിര്‍മിച്ച ഡോക്യുമെന്ററിയാണിതെന്നും ചില മുന്‍വിധികളും വസ്തുതക്കു നിരക്കാത്ത കാര്യങ്ങളും കൊളോണിയല്‍ ചിന്തയുമെല്ലാം വ്യക്തമായി ഡോക്യുമെന്ററിയില്‍ കാണാന്‍ സാധിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. 2002 - ല്‍ ഗുജറാത്ത് കലാപത്തിലെ മുസ്ലീം കൂട്ടക്കൊലയിലടക്കം അന്ന് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് പങ്കുണ്ടെന്ന വിമര്‍ശനവും 'ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്ററിയില്‍ മുന്നോട്ട് വച്ചിട്ടുണ്ട്. കലാപസമയത്ത് മുസ്ലീങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ വേണ്ടത്ര നടപടിയെടുക്കുന്നതില്‍ മുഖ്യമന്ത്രിയായിരുന്ന മോദി പരാജയപ്പെട്ടുവെന്ന ആരോപണങ്ങള്‍ ബി ബി സി പരമ്പരയില്‍ വിശദമായി പരിശോധിക്കുന്നുണ്ട്. ഗുജറാത്തിലെ മോദിയുടെ നേതൃത്വത്തിലുള്ള അന്നത്തെ ബി ജെ പി സര്‍ക്കാര്‍ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരായ സംഘടിത കൂട്ടക്കൊല തടയാന്‍ വേണ്ട നടപടികളെടുത്തില്ലെന്ന വിമര്‍ശനവും 'ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്ററിയിലുണ്ട്. രണ്ട് ഭാഗങ്ങളുള്ള 'ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്ററി സീരീസിലെ ആദ്യ എപ്പിസോഡ് ചൊവ്വാഴ്ച സംപ്രേക്ഷണം ചെയ്തിരുന്നു. രണ്ടാം ഭാഗം ജനുവരി 24 ന് സംപ്രേക്ഷണം ചെയ്യാനിരിക്കെയാണ് ഡോക്യുമെന്ററിക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ബിബിസി വിശദീകരണം. അതേസമയം ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ബിബിസി ഡോക്യുമെന്ററിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ചുള്ള ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഋഷി സുനക് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.