Begin typing your search...

വാർത്തകൾ ഒറ്റനോട്ടത്തിൽ

വാർത്തകൾ ഒറ്റനോട്ടത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ശശി തരൂരിന്റെ പരിപാടികളിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ പ്രതിഷേധ സ്വരം ഉയർന്നതോടെ വിശദീകരണവുമായി എഐസിസി. ശശി തരൂരിന്റെ പരിപാടികളിൽ പങ്കെടുക്കണമോ വേണ്ടയോ എന്നതിൽ സംഘാടകർക്ക് തീരുമാനിക്കാമെന്ന നിലപാടാണ് സ്വീകരിച്ചതെന്ന് എ ഐ സി സി വ്യക്തമാക്കി. പരിപാടികൾ പാടില്ലെന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും നേതൃത്വം പറഞ്ഞു. പരിപാടികളെ കുറിച്ച് തരൂർ അറിയിച്ചിരുന്നില്ലെന്നും വിശദീകരണത്തിൽ പറയുന്നു.

അതേസമയം ശശി തരൂരിന്റെ മലബാർ പര്യടനത്തിന് കോൺഗ്രസിൽ അപ്രഖ്യാപിത വിലക്കെന്ന വാർത്തകളോട് പ്രതികരിച്ച് കെ മുരളീധരൻ എംപി നേരത്തെ രം​ഗത്തു വന്നിരുന്നു. ശശി തരൂരിന് ഒരു വിലക്കുമില്ലെന്നാണ് കെ മുരളീധരൻ പറഞ്ഞത്. അദ്ദേഹത്തിന്റെ എല്ലാ പരിപാടികളിലും എല്ലാ കോൺഗ്രസുക്കാർക്കും പങ്കെടുക്കാമെന്നും, അതിന്റെ പേരിൽ ആർക്കെതിരെയും നടപടി ഉണ്ടാവില്ലെന്നും കെ മുരളീധരൻ അറിയിച്ചിരുന്നു. ശശി തരൂർ കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാവാണെന്നും അദ്ദേഹത്തിന്റെ സേവനം പാർട്ടി വിനിയോഗിക്കും എന്നാണ് കരുതുന്നതെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

.......................................

തൃശ്ശൂർ കേരള വർമ്മ കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനത്തിൽ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥിക്കുമേൽ പിന്മാറാൻ സമ്മർദം ഉള്ളതായി പരാതി. മുൻ എസ്.എഫ്.ഐ നേതാവിനെ നിയമിക്കാൻ ഡിപ്പാർട്മെന്റ് മേധാവി ഇടപെട്ടു എന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. കൂടാതെ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥി കോളേജിലെ അധ്യാപികയ്ക്ക് അയച്ച വാട്സാപ്പ് ചാറ്റും പുറത്തു വന്നിട്ടുണ്ട്. കേരള വർമ കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. സബ്ജറ്റ് എക്‌സ്പർട്ടായ ഡോ. ജ്യൂവൽ ജോൺ ആലപ്പാട്ടാണ് മേധാവിക്കെതിരെ പൊലീസിൽ പരാതി നൽകിയത്.

.......................................

ഇലന്തൂർ നരബലിയിൽ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഡിഎൻഎ പരിശോധനയിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ പത്മയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നടപടി. റോസിലിയുടെ മൃതദേഹാവിശിഷ്ടങ്ങൾ രണ്ട് ദിവസത്തിന് ശേഷമായിരിക്കും ബന്ധുക്കൾക്ക് കൈമാറുക. ഇലന്തൂരിൽ നരബലിയ്ക്ക് ഇരയായ പത്മയുടെ മകനടക്കമുള്ള ബന്ധുക്കൾ കൊലപാതകമറിഞ്ഞതിന് പിന്നാലെ കൊച്ചിയിലെത്തിയിരുന്നു. മൃതദേഹം വിട്ടു കിട്ടാൻ വൈകുന്നതിനെതിരെ ഇവർ മുഖ്യമന്ത്രിക്കും പൊലീസിനും പരാതിയും നൽകിയിരുന്നു. മൃതദേഹാവിശിഷ്ടങ്ങൾ ഇന്ന് തന്നെ ധർമപുരിയിൽ കൊണ്ടുപോകുമെന്നും വൈകുന്നേരത്തോടെ സംസ്‌കാരമുണ്ടാകുമെന്നും പത്മയുടെ മകൻ സെൽവരാജ് പറഞ്ഞു.

.......................................

ശബരിമല തീർഥാടകരുമായി വരുന്ന വാഹനങ്ങൾ ഗതാഗത നിയമത്തിലെ സുരക്ഷാ നിർദേശങ്ങൾ ലംഘിക്കരുതെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം. തീർഥാടകരുടെ വാഹനങ്ങൾ വലിയതോതിൽ അലങ്കരിക്കുന്നത് കർശനമായി വിലക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ചിറയൻകീഴ് ഡിപ്പോയിൽനിന്ന് തീർഥാടകരുമായി വന്ന കെ.എസ്.ആർ.ടി.സി ബസ് വലിയതോതിൽ അലങ്കരിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഹൈക്കോടതി വിഷയം അടിയന്തരമായി പരിഗണിച്ചത്. ബസിന്റെ ചിത്രങ്ങളും കോടതി പരിശോധിച്ചു.

.......................................

സർവീസ് റൂൾ ലംഘിച്ച് സർക്കാർ ഉദ്യോഗസ്ഥർ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തുവെന്ന് ബിജെപി നേതാവ് വി.വി. രാജേഷ്. വാർത്താ സമ്മേളനത്തിൽ ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടാണ് ബിജെപി ആരോപണം ഉന്നയിച്ചത്‌. ആയിരക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥരാണ് രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തതെന്നും ഓഫീസിലെത്തി പഞ്ച് ചെയ്ത ശേഷമാണ് പലരും മാർച്ചിൽ പങ്കെടുത്തതെന്നും വി.വി രാജേഷ് പറഞ്ഞു.

.......................................

ആക്രമിക്കപ്പെടുമെന്ന ഭയം മൂലം താഴേത്തട്ടിലുള്ള ജഡ്ജിമാർ കേസുകളിലെ പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ മടിക്കുന്നതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. "ജാമ്യം അനുവദിക്കാൻ താഴെത്തട്ടിലുള്ളവർ വിമുഖത കാട്ടുകയാണ്. അതിനാൽ സുപ്രീംകോടതി ജാമ്യാപേക്ഷകളാൽ നിറഞ്ഞിരിക്കുന്നു. താഴേത്തട്ടിലെ ജഡ്ജിമാർ ജാമ്യം നൽകാൻ മടിക്കുന്നത് കുറ്റം മനസ്സിലാക്കാത്തതുകൊണ്ടല്ല, എന്നാൽ ഹീനമായ കേസുകളിൽ ജാമ്യം അനുവദിച്ചതിന് ടാർഗെറ്റുചെയ്യപ്പെടുമോ എന്ന ഭയം മൂലമാണ്". ബാർ കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഒരു അനുമോദന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

.......................................

ദില്ലി സർവകലാശാലയിൽ ബിരുദം പൂർത്തിയാക്കാൻ ഹിന്ദി പഠനം നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. ഒന്നാം വർഷത്തിലെ നിർബന്ധിത കോഴ്സിൽ ഐച്ഛിക വിഷയങ്ങൾ ഹിന്ദിയും സംസ്കൃതവും മാത്രമായി ചുരുക്കിയതിനെതിരെയാണ് പ്രതിഷേധം.

.......................................

ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം തകർക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ​ഗുജറാത്തിലെ വത്സദിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിക്കെത്തിയ ജനസാ​ഗരം ബിജെപി മികച്ച വിജയം നേടുമെന്നതിന്റെ തെളിവാണെന്നും മോദി പറഞ്ഞു.

.......................................

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു. അക്കൗണ്ട് പുനസ്ഥാപിക്കുമെന്ന് ട്വിറ്ററിന്റെ പുതിയ മേധാവി ഇലോൺ മസ്‌ക് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ട്രംപിന്റെ അക്കൗണ്ട് തിരികെ കൊണ്ടുവരേണ്ടതുണ്ടോ എന്ന് ചോദിച്ച് മസ്‌ക് ഒരു പോൾ സംഘടിപ്പിച്ചതിന് പിന്നാലെയാണ് തീരുമാനം വ്യക്തമാക്കിയത്.

.......................................

Amal
Next Story
Share it