Begin typing your search...

വാർത്തകൾ ഒറ്റനോട്ടത്തിൽ

News in Brief

വാർത്തകൾ ഒറ്റനോട്ടത്തിൽ
X
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo

കാനയിൽ വീണ് മൂന്നുവയസുകാരന് പരിക്കേറ്റ സംഭവത്തിൽ കൊച്ചിയിൽ അതിരുവിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. അഞ്ചു വയസുകാരനെ ഉടുപ്പിടീക്കാതെ നിലത്ത് കിടത്തിയായിരുന്നു യൂത്ത് കോ​ൺഗ്രസിന്റെ പ്രതിഷേധം. കൊച്ചി നഗരസഭയുടെ പരിധിയിലുള്ള ഓടയിൽ മൂന്നുവയസുകാരൻ വീണ സംഭവത്തിൽ കോർപറേഷൻ മാർച്ചിനു ശേഷമായിരുന്നു യൂത്ത്കോ​ൺഗ്രസിന്റെ ഇത്തരത്തിലുള്ള പ്രതിഷേധം. കോർപറേഷന്റെ കണ്ണ് തുറപ്പിക്കുന്നതിനാണ് ഇങ്ങനെയൊരു സമരമെന്നായിരുന്നു സമരത്തിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാ​ഗത്തു നിന്നുളള ന്യായീകരണം. മാത്രവുമല്ല, കുട്ടിയുടെ അമ്മ കോൺഗ്രസ് പ്രവർത്തകയാണെന്നും അവരുടെ മടിയിലാണ് കുട്ടിയെ കിടത്തിയിട്ടുള്ളതെന്നും സമരക്കാർ വ്യക്തമാക്കി.

.................................

കൊച്ചിയിൽ കുട്ടി ഓടയില്‍ വീണ സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ ഹൈക്കോടതി, ഓടകള്‍ രണ്ടാഴ്ചയ്ക്കകം അടയ്ക്കണമെന്നും നിര്‍ദേശം നല്‍കി. കൂടാതെ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കൊച്ചി കോര്‍പറേഷനോട് കോടതി ഉത്തരവിട്ടു. കുഞ്ഞ് രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണെന്നും പൊതുജനത്തിന് സുരക്ഷിതമായി നടക്കാന്‍ സാധിക്കാത്ത സ്ഥലത്തെ നഗരമെന്ന് വിളിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസ് ഡിസംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും.

.................................

കാനയില്‍ കുട്ടി വീണ സംഭവം ദുഃഖകരമെന്ന് കൊച്ചി നഗരസഭ മേയര്‍ എം അനില്‍ കുമാര്‍. കുട്ടി വീണത് കാനയില്‍ അല്ല തോട്ടിലാണെന്നും മേയര്‍ വിശദീകരിച്ചു. കൂടാതെ കുട്ടിയുടെ ചികിത്സാ ചെലവ് നഗരസഭ വഹിക്കാന്‍ കഴിയുമോ എന്ന് അന്വേഷിക്കുകയാണെന്നു പറഞ്ഞ മേയര്‍ അതിന് സാധിച്ചില്ലെങ്കില്‍ കുട്ടിയുടെ ചികിത്സാ ചെലവ് താന്‍ വഹിക്കുമെന്നും പറഞ്ഞു.

.................................

നിയമന വിവാദങ്ങള്‍ തിരിച്ചടിയായെന്ന് സപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിലയിരുത്തല്‍. തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദത്തില്‍ സംസ്ഥാന നേതൃത്വം അതൃപ്തിയിലാണ്. കത്തു വിവാദവും സര്‍വകലാശാല നിയമനങ്ങളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഗൗരവമായി പരിശോധിക്കും. വിവാദങ്ങള്‍ക്കിടയാക്കിയ സാഹചര്യങ്ങള്‍ വിശദമായി പരിശോധിക്കും. വിവാദങ്ങള്‍ തണുത്ത ശേഷമാകും പാര്‍ട്ടി പരിശോധന. ഇത്തരം കാര്യങ്ങളിൽ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.

.................................

ഓരോ കോടതി വിധികളും സർക്കാരിന്റെ മാർക്സിസ്റ്റ്‌വത്കരണത്തിന് ഏൽക്കുന്ന തിരിച്ചടികളാണെന്നു കെ മുരളീധരൻ എംപി. ഗവർണറുടെ കാവിവത്കരണത്തിനെതിരെ എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ടാണ്. എന്നാൽ മാർക്സിസ്റ്റ്‌വത്കരണം അംഗീകരിക്കില്ലെന്നു കെ.മുരളീധരൻ പറഞ്ഞു. പ്രിയാ വർഗീസിന് എതിരായ കോടതി വിധി ഗവർണർക്കും സർക്കാരിനും ഒരു പോലെ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സുധാകരൻ വിഷയം അടഞ്ഞ അധ്യായമാണെന്നും കെ.മുരളീധരൻ കൂട്ടിച്ചേർത്തു.

.................................

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി കെ എസ് ഇ ബി. ഉപയോഗം കൂടിയ വൈകീട്ട് ആറുമുതല്‍ 10​ മണിവരെ നിരക്ക് കൂട്ടണമെന്നാണ് ബോർഡിന്‍റെ ആവശ്യം. പകല്‍ സമയം നിരക്ക് കുറക്കാനും ആലോചിക്കുന്നുണ്ട്. നിരക്കുമാറ്റം ആവശ്യപ്പെട്ട്​ റെഗുലേറ്ററി കമീഷന് അപേക്ഷ നല്‍കുമെന്നാണ് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻ കുട്ടി അറിയിച്ചിരിക്കുന്നത്. ബോർഡിന്‍റെ ആവശ്യം അംഗീകരിച്ചാൽ രാവിലെ ആറുമുതൽ വൈകീട്ട് ആറു മണിവരെയുള്ള സമയത്ത്​ സാധാരണ നിരക്കും വൈകീട്ട് ആറു മുതൽ രാത്രി 10 വരെയുള്ള പീക് സമയത്ത്​ കൂടിയ നിരക്കും രാത്രി 10 മുതൽ പുലർച്ച ആറുവരെയുള്ള സമയത്ത്​ നിലവിലുള്ളതിനെക്കാൾ കുറഞ്ഞ നിരക്കുമാകും നടപ്പാക്കുക.

.................................

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം സര്‍വീസുണ്ടെങ്കില്‍ ആജീവനാന്ത പെന്‍ഷന്‍ നല്‍കുന്ന വിഷയം ഇനി ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നടക്കുന്നത് തട്ടിപ്പാണെന്നും നിയമത്തെ കൊഞ്ഞനം കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ ജോലിതേടി വിദേശത്ത് പോകേണ്ടിവരുമ്പോഴാണ് പൊതുപണം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. കൂടാതെ സാധാരണക്കാര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കാന്‍ എത്രകാലം ജോലി ചെയ്യേണ്ടിവരുമെന്നും അദ്ദേഹം ചോദിച്ചു.

25-ഓളം പേരെയാണ് ഓരോ മന്ത്രിമാരും പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കുന്നത്. പിന്നീട് രണ്ട് വര്‍ഷത്തിനുശേഷം അവരോട് രാജിവെക്കാനും നിര്‍ദ്ദേശിക്കുന്നു. തുടർന്ന് അവര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കുന്നു. തട്ടിപ്പാണ് ഇങ്ങനെ നടക്കുന്നതെന്നും ​ഗവർണർ വ്യക്തമാക്കി. ഇത് നിര്‍ത്തലാക്കാന്‍ തനിക്ക് നിര്‍ദേശിക്കാനാകില്ലെന്നും എന്നാല്‍ ഇത് ദേശീയ തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമായി വരും നാളുകളില്‍ മാറുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

.................................

ഭീമ കൊറെഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന സാമൂഹിക പ്രവർത്തകൻ ഗൗതം നവലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന വിധി റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ആവശ്യം തള്ളി സുപ്രീംകോടതി. സുരക്ഷ കാരണങ്ങൾ പറഞ്ഞാണ് എൻ.ഐ.എ നവലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റുന്ന കാര്യം എതിർത്തത്. വീട്ടുതടങ്കൽ മരവിപ്പിക്കണമെന്നും നവലാഖയുടെ കാര്യത്തിൽ സുപ്രീംകോടതിയെ ബെഞ്ച് തെറ്റിദ്ധരിപ്പിച്ചതാണെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം. ആരോഗ്യ നില കണക്കിലെടുക്കണമെന്ന വാദം ബാലിശമാണെന്നും സർക്കാർ വാദിച്ചു.

.................................

ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നല്‍കില്ലെന്ന് ലോക ഫുട്ബോൾ ഭരണസമിതി ഫിഫ വ്യക്തമാക്കി. സ്റ്റേഡിയത്തില്‍ അല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍ വില്‍പ്പനയും ഉണ്ടാകില്ല. ലോകകപ്പിലെ 64 മത്സരങ്ങളിൽ അല്‍ക്കഹോള്‍ അടങ്ങാത്ത ബിയർ നല്‍കുമെന്ന് ഫിഫ വ്യക്തമാക്കി. ആതിഥേയ രാജ്യ അധികാരികളും ഫിഫയും തമ്മിലുള്ള ചർച്ചയെത്തുടർന്ന്, ഫിഫ ഫാൻ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസൻസുള്ള വേദികളിലും മാത്രമായിരിക്കും മദ്യ വില്‍പ്പന നടത്തുക. ഖത്തറിന്റെ ഫിഫ ലോകകപ്പ് 2022 സ്റ്റേഡിയത്തിന്റെ പരിധിയിൽ നിന്ന് ബിയറിന്റെ വിൽപ്പന പോയിന്റുകൾ നീക്കം ചെയ്യാനും തീരുമാനമെടുത്തിട്ടുണ്ടെന്നും ഫിഫ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

.................................

മസ്‌കറ്റില്‍ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാര്‍ക്ക് അധിക ബാഗേജ് ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഒമാന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് ഈ ഓഫര്‍. ഇതിന്റെ ഭാഗമായി സൗജന്യ ബാഗേജ് പരിധി പത്തു കിലോ വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ മാസം അവസാനം വരെ 40 കിലോ ബാഗേജ് ആനുകൂല്യം അനുവദിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഏഴ് കിലോ ഹാന്‍ഡ് ബാഗേജ് പരിധിക്ക് പുറമെയാണിത്

.................................

Amal
Next Story
Share it