വാർത്തകൾ ഒറ്റനോട്ടത്തിൽ
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതുമുന്നണി പ്രക്ഷോഭത്തിലേക്ക്. ഇന്ന് ചേർന്ന മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. നവംബർ 15 ന് രാജ്ഭവന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തേക്കും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ നടത്തും. സർക്കാർ - ഗവർണർ പോര് തുടരുന്നതിനിടെയാണ് ഇടതുമുന്നണിയുടെ നീക്കം. ഗവർണറുടെ നിലപാടുകൾക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിന് രൂപം നൽകാൻ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനമായത്. എകെജി സെന്ററിൽ ഇന്ന് രാവിലെ 11.30യ്ക്കായിരുന്നു യോഗം ആരംഭിച്ചത്. സർവകലാശാല വിസിമാരുടെ നിയമനം, മന്ത്രിമാർക്കും സർക്കാരിനുമെതിരായ തുറന്ന വിമർശനങ്ങളുടെ കൂടെ പശ്ചാത്തലത്തിലാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
.................................
കണ്ണൂർ പാനൂരിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ കാരണം സംശയരോഗം. വിഷ്ണുപ്രിയക്ക് മറ്റൊരു പ്രണയമുള്ളതായി സംശയിച്ചിരുന്നു എന്ന് പ്രതി ശ്യാംജിത്ത് പൊലീസിനു മൊഴിനൽകി. സീരിയൽ കില്ലറുടെ കഥ പറയുന്ന സിനിമ കൊലയ്ക്ക് പ്രചോദനമായെന്നും പ്രതി പറഞ്ഞു. ഗൂഗിളിൽ സെർച്ച് ചെയ്ത് പ്രതി കൊലപാതകത്തിനായി ആസൂത്രണം ചെയ്തു. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായും പൊലീസ് കണ്ടെത്തി. ഈ സുഹൃത്തുമായാണ് ശ്യാംജിത്ത് എത്തുന്ന സമയത്ത് വിഷ്ണുപ്രിയ വിഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരുന്നത്. ഇവർ പ്രണയത്തിലാണെന്നായിരുന്നു ശ്യാംജിത്തിൻ്റെ സംശയം.
.................................
ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിൽ മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവാവിന് ക്രൂരമർദ്ദനം. യുവാവിന്റെ തല മൊട്ടയടിക്കുകയും മുഖത്ത് കരി ഓയിലൊഴിക്കുകയും മർദ്ദിക്കുകയും ചെയ്തു. ബിജെപി പ്രാദേശിക നേതാവും അനുയായികളുമാണ് ഈ ക്രൂരത നടത്തിയത്. രാജേഷ് കുമാർ എന്ന മുപ്പതു വയസുകാരനായ ദലിത് യുവാവാണ് ഈ ക്രൂരതക്കിരയായത്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവന്നത്.
.................................
രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തിയതോടെ ഇന്ത്യയിലേക്കുള്ള പണമയയ്ക്കൽ 25 ശതമാനമായി ഉയർന്നതായി റിപ്പോർട്ടുകൾ. ക്രൂഡ് ഓയിൽ വില ഉയരുന്ന സാഹചര്യത്തിൽ രൂപ കൂടുതൽ ദുർബലമായികൊണ്ടിരിക്കുകയാണ് കഴിഞ്ഞ വാരാദ്യം യുഎസ് ഡോളറിനെതിരെ, രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന 83രൂപയ്ക്ക് മുകളിൽ എത്തിയിരുന്നു. രൂപയുടെ മൂല്യത്തകർച്ച പ്രവാസികൾക്കാണ് ഉപകാരപ്രദമായിരിക്കുന്നത്. ഈ സാഹചര്യത്തിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള പണമയയ്ക്കൽ 25 ശതമാനം വരെ കൂടി. വരും ദിവസങ്ങളിൽ ഇന്ത്യയിലേക്കുള്ള പണമയയ്ക്കൽ ഉയർന്ന നിലയിൽ തുടരുമെന്നാണ് പ്രതീക്ഷ.
.................................
തിരുവനന്തപുരത്ത് പെൻഷൻ ആനുകൂല്യങ്ങളെകുറിച്ചുള്ള വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം തേടിയ ജീവനക്കാരിക്ക് വിവരം നിഷേധിച്ച മേലുദ്യോഗസ്ഥയ്ക്ക് പിഴയിട്ട് വിവരാവകാശ കമ്മിഷൻ. തിരുവനന്തപുരം കോർപ്പറേഷൻ ഫോർട്ട് സോണൽ ഓഫീസ് സൂപ്രണ്ട് ജസ്സിമോൾക്കാണ് വിവരാവകാശ കമ്മിഷൻ 15,000 രൂപ പിഴയിട്ടത്. ജസ്സിമോൾ നെടുമങ്ങാട് നഗരസഭാ സൂപ്രണ്ടായിരുന്ന കാലത്തെ വീഴ്ച്ചയ്ക്കാണ് നടപടി. പെൻഷൻ, ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് അപേക്ഷ നൽകിയ ജീവനക്കാരി സുലേഖയ്ക്ക് വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങൾ ഇവർ നൽകിയില്ല. വിവരം ലഭിക്കാതെ സെപ്തംബർ 12ന് സുലേഖ മരിച്ചു. ഇതേത്തുടർന്ന് തെളിവെടുപ്പ് നടത്തിയാണ് കമ്മിഷന്റെ നടപടി.
.......................................
നെഹ്രുകുടുംബം നേതൃത്വംനല്‍കുന്ന രണ്ട് ട്രസ്റ്റുകള്‍ക്ക് വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയ്ക്കെതിരേയാണ് വിദേശ നാണ്യവിനിമയ ചട്ടപ്രകാരമുള്ള നടപടി. 1991 മുതല്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ട്രസ്റ്റുകളും വിദേശ സഹായം സ്വീകരിച്ചതില്‍ വിദേശ നാണ്യവിനിമയ ചട്ടലംഘനമുണ്ടെന്ന മന്ത്രിതല സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്‍.ജി.ഒകളുടെ പ്രവര്‍ത്തനത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020-ല്‍ രൂപീകരിച്ച സമിതി കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
.......................................
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് ജില്ലാതലത്തിൽ എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് വരുന്നു. മിന്നല്‍ പരിശോധന നടത്തി സ്പോട്ട് ഫൈൻ ഈടാക്കാനും ലൈസൻസ് റദ്ദ് ചെയ്യാനുമുള്‍പ്പെടെ അധികാരമുള്ളതാണ് പ്രത്യേക സംവിധാനം. സംസ്ഥാനത്താകെ 23 സ്ക്വാഡുകളെയാണ് ആദ്യഘട്ടത്തില്‍ നിയോഗിക്കുക. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഒരു സ്ക്വാഡും മറ്റ് ജില്ലകളില്‍ രണ്ട് സ്ക്വാഡ് വീതവും പ്രവര്‍ത്തിക്കും. ഓരോ സ്ക്വാഡിന്റെയും നേതൃത്വം തദ്ദേശ സ്വയംഭരണ വകുപ്പ് പെര്‍ഫോമൻസ് ഓഡിറ്റിലെ ഉദ്യോഗസ്ഥനായിരിക്കും.
.......................................
ഗുണനിലവാരമില്ലാത്ത മരുന്നുകൾ കേരളത്തിൽ വിറ്റഴിക്കുന്നുവെന്ന ഞെട്ടിക്കുന്ന വിജിലൻസ് കണ്ടെത്തലിൽ സർക്കാർ അനങ്ങുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തേണ്ട ആരോഗ്യവകുപ്പ് ഉറക്കത്തിലാണ്. വാർത്ത പുറത്തുവന്നിട്ടും വകുപ്പുമന്ത്രിയുടെ പ്രതികരണം ഉണ്ടായില്ല. ഗുരുതരമായ ക്രമക്കേടുകളാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിൽ നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. അതുപോലെ മരുന്നുവിലയും ദിനംപ്രതി കുത്തനെ കൂടുകയാണെന്നും കോറോണയ്ക്ക് ശേഷം പല അവശ്യമരുന്നുകൾക്കും നൂറു മുതൽ ഇരുന്നൂറു ശതമാനം വരെയാണ് വില കൂടിയിട്ടുള്ളതെന്നും ചെന്നിത്തല വ്യക്തമാക്കി. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം മരുന്നുവില കുത്തനെ കൂടിയത് പാവപ്പെട്ടവർക്ക് ഇരുട്ടടിയായി മാറിയെന്നും അതുകൊണ്ട് ഇക്കാര്യങ്ങളിൽ ഇനിയെങ്കിലും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു
......................................
സ്വപ്ന സുരേഷിന്‍റെ ആത്മകഥ 'ചതിയുടെ പത്മവ്യൂഹം' വായിച്ച അനുഭവം പങ്കുവച്ച് നടൻ ജോയ് മാത്യു. ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത പുസ്തകമാണതെന്നും അധികാരം എങ്ങിനെയൊക്കെ ഒരു പെൺ ജന്മത്തെ ഉപയോഗിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നു എന്നറിയാൻ ഇത് സഹായിക്കുമെന്നും ജോയ് മത്യു ഫേസ്ബുക്കിൽ കുറിച്ചു. ഇന്നത്തെ വ്യാജ പെണ്ണെഴുത്തുകാരിൽ നിന്നും എത്രയോ ഉയരെയാണ് സ്വപ്‍ന സുരേഷ് പറഞ്ഞ ജീവിതം. സാഹിത്യ നിരൂപക ഭിഷഗ്വരന്മാർ ഈ പുസ്‌തത്തെപ്പറ്റി മിണ്ടില്ല. കാരണം അധികാരത്തിലുള്ളവരുടെ മൂട് താങ്ങി നിർത്തുന്ന പണിയെ അവർക്കറിയൂവെന്നും ജോയ് മാത്യു തുറന്നടിച്ചു.
.....................................
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് മുന്‍ മന്ത്രി തോമസ് ഐസക് രംഗത്ത്. മുന്‍മന്ത്രി തന്നെ മൂന്നാറിലേക്ക് ക്ഷണിച്ചുവെന്ന ആരോപണത്തിനടക്കമാണ് അദ്ദേഹേം മറുപടി നല്‍കിയത്. വേണ്ടത്ര താമസ സൗകര്യമില്ലാത്ത മൂന്നാറിലേക്കൊക്കെ ആരെങ്കിലും ക്ഷണിക്കുമോയെന്നും സാമാന്യ യുക്തി നിരക്കാത്ത കാര്യങ്ങളാണ് പറയുന്നതെന്നും ഐസക് മാധ്യമങ്ങളോട് പ്രതികരിച്ചു. ആരോപണങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. അതിനെ രാഷ്ട്രീയമായി തന്നെ നേരിടും കേസിന് പോകുന്നത് സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക്ക് എന്നിവര്‍ക്ക് എതിരെയാണ് സ്വപ്‍ന സുരേഷ് ആരോപണങ്ങള്‍ ഉന്നയിച്ചത്. മൂന്നാറിലേക്ക് ക്ഷണിക്കുകയും മൂന്നാർ സുന്ദരമായ സ്ഥലമാണെന്ന് തോമസ് ഐസക്ക് പറയുകയും ചെയ്തു. സൂചനകൾ തന്നാണ് തോമസ് ഐസക്ക് പെരുമാറിയതെന്നുമായിരുന്നു സ്വപ്ന വെളിപ്പെടുത്തിയത്.
.....................................
തുടർച്ചയായ മൂന്നാം തവണയും പാർട്ടി ജനറൽ സെക്രട്ടറിയായി അധികാരമേറ്റ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിന് അഭിനന്ദനമറിയിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാളിദിമിർ പുടിൻ. വിജയവും അഭിവൃദ്ധിയും ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നതായും റഷ്യയും ചൈനയും തമ്മിലുള്ള സമഗ്രമായ പങ്കാളിത്തം വികസിപ്പിക്കുന്നത് തുടരാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ നടന്ന എസ്.ഇ.ഒ ഉച്ചകോടിയിൽ പുടിനും ഷിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു നേതാക്കളും തമ്മിൽ കഴിഞ്ഞ 10 വർഷക്കാലം അടുത്ത വ്യക്തിബന്ധമാണ് പുലർത്തിയത്. സ്ഥാപക നേതാവ് മാവോ സെ തുങ്ങിന് ശേഷം രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള നേതാവായി മാറിയിരിക്കുകയാണ് ഷി ജിൻപിങ്ങ്. ചൈനയെ നയിക്കാൻ തന്നിൽ വിശ്വാസമേൽപിച്ചതിന് നന്ദിയുണ്ടെന്നാണ് ഷി ജിൻപിങ്ങ് പ്രതികരിച്ചത്.